Saturday, November 18, 2006

പാഞ്ച് രൂപ

എന്റെ ഗ്രാമത്തില്‍ പാലാട്ടി വറുതേട്ടന്റെ ഒരു പലചരക്കു കടയും, പാണ്ടിക്കാരന്‍ അന്തോണീസേട്ടന്റെ ഒരു പെട്ടിക്കടയും മാത്രമെ ഉള്ളൂ. ആയതുകൊണ്ടു വിലപേശല് എന്ന കലാപരിപാടി അവിടെ ഇല്ലാ… അവര്‍ എന്തു എഴുതി കൂട്ടിയൊ അതാണു വില…

ബംഗലൂരിലെ സ്ഥിതി അതല്ല. ഉപ്പു തൊട്ട് കര്‍പ്പൂരം വരെ എല്ലാ സാമാഗ്രികളും വില പേശി വാങ്ങണം എന്നാണ് ബംഗലൂരിലെ സ്ഥിതിയെന്നെനിക്കു വളരെ വേഗം മനസിലായിക്കിട്ടി. ചുരുങ്ങിയ നാളില്‍ ആവശ്യത്തിന് വേണ്ട കന്നാഡാ വശത്താക്കി വിലപേശല്‍ ഗംഭീരമായി നടക്കണ കാലം.

തുംബാ ജാസ്തി ആയിത്തപ്പാ..

സ്വല്പ ക്മ്മി കൊടി… അങനെ ചില നുരുങ്ങുകള്‍.

അങനെയിരിക്കെ എനിക്കു പൂനെ CWPRS-ല് ഒരു പരീക്ഷക്കു വിളി കിട്ടി. എണ്‍പതുകളുടെ അവസാനത്തില് സര്‍കാര്‍ ജോലി കിട്ടുക എന്നാല് ഷോടതി കിട്ടിയ പോലെയല്ലെ, ഞാനും പരീക്ഷക്കു പോകാന്‍ തീരുമാനിച്ചു. അല്ലാ എന്തിനു പോകാതിരിക്കണം? തീവണ്ടിക്കൂലി സര്‍ക്കാര്‍ തരും, പിന്നെ ആകെ ചിലവു ഫുഡ്.

സമയം പാഴാക്കാതെ ഞാന്‍ ഉദ്യാന്‍ തീവണ്ടിയില്‍ ഒരു ടിക്കറ്റ് ബുക്ക് ചെയ്തു. തിരികെ ടിക്കറ്റ് അന്നു ബുക്കാന്‍ പറ്റില്ലായിരുന്നു( ഇണ്ടായാലും ഞാന്‍ ബുക്കൊ? )

പരീക്ഷക്കു ഒരു ദിവസം മുന്പെ ഞാന്‍ പൂനെ, കടക്കുവസല CWPRS-ല് എത്തി. തീവണ്ടിക്കൂലി ഓഫീസില് നിന്നും വാങി. തിരിച്ചുവരവു കൂലി പ്രത്യേകം ചോദിച്ചുവാങി. ഈ വകയില് ഒരു അന്പതു ക. ലാഭം.

പരീക്ഷക്കു ആകെ 25 പേര് മാത്രം, 5 ഒഴിവുകളുമുണ്ടു. അതുകൊണ്ടാണൊ, അതോ എന്റെ റെസൂമെ ഇഷ്ടപ്പെട്ടതുകൊണ്ടൊ കൂടുതലൊന്നും ചോദിച്ചില്ല. ജോലിക്കു കയറാന്‍ എത്ര ദിവസം നോട്ടീസു കൊടുക്കണം എന്നു ചോദിച്ചപ്പൊള്‍ ഇനിയുള്ള കാലം പൂനെയിലായിരിക്കും എന്നു ഞാന്‍ മനസ്സില്‍ മന്ത്രിച്ചു, വെറും പത്തു ദിവസം, എന്ന് എന്റെ മറുപടിയും കൊടുത്തു ഞാന് ആ‍ഹ്ലാദ്ചിത്തനായി തിരികെ യാത്രയായി.

തിരികെ പൂനെ തീവണ്ടി സ്റ്റേഷനിലെത്തി. ഇനി അടുത്ത ബംഗലൂര് തീവണ്ടി രാത്രി രണ്ടുമണിക്ക് എന്നു കേട്ടപ്പൊള്‍, അടുത്ത 12 മണിക്കൂര്‍ അവിടെ കഴിഞുകൂടണമല്ലൊ എന്നോര്‍ത്ത് അല്പം സങ്കടം തോന്നി. എന്നാ പിന്നെ വേറെ ഏതെങ്കിലും വഴി പോയാലോ? എന്റെ ബുദ്ദിയെ ഞാന്‍ രണ്ടു വട്ടം അഭിനന്ദിച്ചു. പോക്കുവരവു പലകയില്‍ ബെല്ഗം വഴി അര്‍ശിക്കരക്കു ഉടനെ ഒരു വണ്ടി വരുന്നുണ്ടു എന്നു കണ്ടപ്പൊള്‍, എന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു.

വണ്ടിയില്‍ ഓടിക്കയറാന്‍ ഇനി വേറൊരു ഡിഗ്രി ഇനിക്കാവശ്യമില്ലാ എന്നെനിക്ക് ഉറപ്പായിരുന്നു. കറുകുറ്റിയില് നിന്നും ആലുവായിലേക്കുള്ള കെ.എസ്.ആര്‍.ടി.സി യാത്രയും, റിച്മണ്ടു സര്‍കിളില്‍ നിന്ന് മുരുകേശു പാളയത്തേക്കുള്ള ബി.ടി.എസ് യാത്രയും എന്റെ റെസൂമെയിലുള്ളതുകൊണ്ടു ഇതൊരു പ്രശ്നമല്ല.


പത്ത് മിനിറ്റു കഴിഞപ്പോള്‍ വണ്ടി എത്തി. ഞാന്‍ എല്ലാവരേയും ഉന്തിമാറ്റി ഒരു ബോഗിയില് ഓടിക്കയറി. പക്ഷെ ആ കാഴ്ച കണ്ട് ഞാന്‍ ഞെട്ടിപ്പോയി. എല്ലാ സീറ്റിലും ആരുടെ ഒക്കെയൊ തൂവാലകള്. ഒന്നും നൂറ്റാണ്ടുകളായി വെള്ളം കാണാത്തവ എന്ന് പറഞാ‍ല്‍ ഒരു അതിശയൊക്തിയും ഇല്ല. പല കളറില് കിടന്നു എന്നെ കോക്ക്രി കാണിക്കുന്നു. ഇനി ആരേലും മറന്നു വച്ചതായിരിക്കുമോ? അതാവാന്‍ വഴിയില്ലാ. എല്ലാ സീറ്റിലും അങ്ങനെ വരുമോ? ഇനി ഇതിലൊന്നു മാറ്റി ഇരിക്കാമെന്നുവെച്ചാല് ചിലപ്പോള്‍ എല്ലു കൂടും എന്ന് എന്റെ ഉപഭൊധമനസ്സ് മന്ത്രിച്ചതുകൊണ്ടു ആ ഉദ്യമം ഉപേക്ഷിച്ചു.

രണ്ടു ദിവസത്തെ ഒറക്കക്ഷീണമുള്ളതുകൊണ്ടു ഒരു സീറ്റു കിട്ടിയാല്‍ കൊള്ളാ‍മെന്നു തോന്നി. എന്നാ ഒരു കൈ നോക്കിക്കളയാം… വില പേശാന്‍ ബാങലൂരില് നിന്നും ബിരുദം ഒള്ളതുകൊണ്ടു അതൊരു പ്രശ്നമാവില്ലാ എന്നെനിക്കു തോന്നിയ്തില്‍ യാതൊരു കുറ്റവും ഞാന്‍ കണ്ടില്ല.

അല്പം പ്രായം കൂടിയ ഒരു കൂലി വന്നു എന്നോട് സീറ്റ് വേണൊ എന്ന് ചോദിച്ചപ്പൊള്‍ ഞാന്‍ പിന്നെയും ഉന്മേഷവാനായി. പക്ഷെ ഒരു ചിന്നാ പ്രൊബ്ലെം. എനിക്കു ഹിന്ദി അറിയില്ല. ജെ.ടി.എസ്. വിദ്യഭ്യാസതില് ഹിന്ദിയില്ലാത്തതിന്റെ കുറവു എനീക്കു ഉടനെ പിടികിട്ടി. ഇനി ഏക മാര്‍ഗം അഭിനയം… എന്നാലും വിലപേശാതെ വിടാന്‍ പറ്റില്ല.

കൂലി സീറ്റിനു വില പറഞ്ഞു “പാഞ്ച് രൂപ.“

ഇനിക്കു യാതൊരു പിടിയും കിട്ടിയില്ല, ചിലപ്പോള്‍ ഇത് പതിഞ്ചു രൂപാ എന്നായീരിക്കും. അതു അത്ര കൂടുതലല്ല. ഒരു ദിവസം മുഴുവന്‍ യാത്രയുള്ളതാ.. എന്നാലും അത്രെയും കൊടുക്കണ്ടാ… ഒരു പത്തു രൂപാ പറഞ്ഞേക്കാം…രണ്ടു രൂപാ കുറചുകിട്ടിയാല് ഇനിക്കു കക്യൊ? ഞാന്‍ എന്റെ വില പറഞ്ഞേക്കാം.. പക്ഷെ എങ്ങനെ പറയും?

ഞാന് എന്റെ രണ്ടു കൈകളും പൊക്കി പത്ത് രൂപാ എന്നു പറഞ്ഞു.

കൂലി കൂടുതലൊന്നും പേശാതെ മതി എന്ന് സമ്മതിച്ചപ്പോള്‍, എന്റെ വിലപേശാനുള്ള കഴിവില്‍ ഞാന് അഭിമാനപൂരിതനായി എന്നു പ്രത്യേകം പറയേണ്ടല്ലൊ? കാശുമായി കൂലി എലി പുന്നെല്ലു കണ്ട സന്തോഷത്തോടെ വേഗത്തില്‍ പോകുന്നതു കണ്ട്പ്പോള്‍, ഞാന്‍ കരുതി ആ കൂലി ഒരു പാവമായിരുന്നു.


കൂലി ഇന്നും ഇതുപോലെ വിലപേശണ മദിരാശി വരട്ടെ എന്ന് ജപിച്ചിരിക്കുന്നുണ്ടാവുമായിരിക്കും…..

5 comments:

പട്ടേരി l Patteri said...

ഹം പാഞ്ച് സീരിയല്‍ അന്നുണ്ടായിരുന്നില്ലേ?
ഓ ടോ : സാലാ മദ്രാസി ;)
ഹിന്ദി ഹമാരാ രാഷ്‌ട്ര ഭാഷാ ഹെ

വേണു venu said...

എഴുത്തു രസമായിരുന്നു.
എന്‍റെ ഒരു സുഹൃത്തിനോടു റിക്ഷാക്കാരന്‍ പറഞ്ഞു ടൈ റുപ്പായ്യാ..സുഹൃത്തു്, നഹിം പാഞ്ചു സെ ഏക് പൈസാ നഹിം.?
റിക്ഷാക്കാരന്‍ മനസ്സില്‍ പറഞ്ഞു കാണും സാലാ ബേഫ് കൂഫ് മദ്രാസ്സി.

ആവനാഴി said...

നൈജീരിയയിലെ വില പേശലാണോര്‍മ്മ വരുന്നത്.

“അള്ളാജീ, ടിവിക്കെന്താ വില?
“1000 നൈര”
“ഓ, അതു കൂടുതലാ അള്ളാജീ. ഒരു 800 തരട്ടെ?” ആയിരം പറയുന്നിടത്ത് അതില്‍ക്കുറച്ചെങ്ങ്നെയാ പറയുക എന്നൊരു ശങ്ക.
“ ദാറ്റ് ഈസ് വെരി സ്മാള്‍. യു ആര്‍ മൈ കസ്റ്റമര്‍. 975 താ”
“നൊ, നൊ. 850?”
“പോരാ.. ടൂ സ്മാള്‍”
അവസാനം പേശി പേശി 900 നു ടിവി വാങ്ങുന്നു.

അള്ളാജിക്കും സന്തോഷം, നമുക്കും സന്തോഷം.
100 നൈര കുറച്ചുകിട്ടിയല്ലോ. അന്നു നൈരക്കു നല്ല വിലയുള്ള കാലമായിരുന്നു.

പക്ഷെ പെരുത്തു സന്തോഷിക്കുന്നത് അള്ളാജിയായിരിക്കും. ടിവിക്കു യഥാര്‍ത്ഥ വില 500 നൈരയില്‍ കൂടുതല്‍ കാണുകയില്ല.

അത്രക്കു വേന്ദ്രന്‍ മാരാണു നൈജീരിയന്‍ വണിക്കുകള്‍.

മുക്കുവന്‍ said...

ഭാഷ അറിയാത്തതുകൊണ്ട് പല പ്രാവശ്യം ഇതുപോലെ അമളി പറ്റിയിട്ടുണ്ട്. കൂടുതല്‍ എഴുതിയാല്‍ ഞാന്‍ ഒരു ശ്രീജിത്താവുമോ എന്നൊരു സന്ന്ദേഹം...

നന്ദി പട്ടേരി, വേണു, ആവനാഴി.

ajith said...

പാഞ്ച് രൂപ