Friday, December 26, 2008

സ്കോളര്‍ഷിപ്പ്

വാഴച്ചാലില്‍( അതിരപ്പിള്ളി അല്ലാ) ഏകദേശം അഞ്ചുമയില്‍ അകലെയാണു കൊരട്ടി ജെ.ടി.എസ്. ഷോര്‍ട്ടസ്റ്റ് പാത്ത് കനാല്‍ വണ്ട് വഴി, തിരുമുടിക്കുന്ന് ലെപ്രസി ക്രോസ് ചെയ്ത്, സുന്ദരിമുക്ക് കൂടി, നെല്ലിപ്പാറ്റ മലയാളം ടീചറുടെ പറമ്പിന്റെ ഇടതേ കോണിലൂടെ, പാടം ക്രോസ് ചെയ്ത് എന്‍.എച്. 47 വഴി, മാഞൂരാന്‍ ഡോക്ടറുടെ ക്ലിനിക്ക് മുന്നിലൂടെ, വലിയ കാര്യങ്ങളന്വേഷിക്കാതെ നടന്നാല്‍ ഏകദേശം ഒന്നര മണിക്കൂറില്‍ സ്കൂളിലെത്താം..

പക്ഷേ ഈ വഴിക്ക് പോയാല്‍, കയ്യില്‍ ഒന്നും തടയില്ല. മാങ്ങ, കശുവണ്ടി, ചക്ക എന്നിവ കിട്ടണമെങ്കില്‍ വേറെ ലോങ് പാത്ത് എടുക്കേണ്ടിവരും. ചേരക്ക് പറമ്പ് വഴി, റബറും തൊട്ടം കടന്ന് പൊങം വഴി ചിറങ്ങര അമ്പലം ക്രൊസ് ചെയ്ത് എന്‍.എച് 47 വഴി പോയാല്‍ ചിറങര വരെ നല്ല കോളുള്ള റൂട്ട് ആണു. അതാ‍യത് കശുവണ്ടികിട്ടാന്‍ ഇഷ്ടം പോലെ സാധ്യതയുണ്ട്.

ഇനി മൂവാണ്ടന്‍ മാങ്ങ കിട്ടണേല്‍ അല്പം വഴിമാറി, ചാല്‍ (പാടം) കുറുകെ കടന്ന് കൊച്ചയ്പന്‍ ചോന്റെ വീടു കൂടി, നെട്ടന്റെ പറമ്പില്‍ നിന്നും ഇഷ്ടാനുസരണം മൂവാണ്ടന്‍ മാങ്ങ ഇസ്ക്കാം... പക്ഷേ കുട്ടി സ്രാങ്കിനെ പേടിക്കണം... ഓടാനുള്ള വഴി നോക്കി ക്ലിയര്‍ ചെയ്തതിനു ശേഷം മാത്രം കല്ലേറ് തുടങാവൂ...

ചെറുപ്പത്തിലേ നല്ല അനുസരണ ശീലം ഉള്ളതിനാല്‍, മധ്യമുക്കുവനായ നാം എന്നും ലോംഗ് പാത്ത് മാത്രമേ സെലക്ട് ചെയ്യാറുള്ളൂ.. ഇനി പോകുന്ന വഴിക്ക് ഏതേലും കാളയേ കണ്ടാല്‍ അവന്റെ കഴിവുകള്‍ തിട്ടപ്പെടുത്തിയതിനു ശേഷം മാത്രം യാത്ര തുടങ്ങുന്നതു കൊണ്ട് എനിക്ക് ഒരു രണ്ട് മണിക്കൂര്‍ മിനിമം സമയം വേണം.

നീളമൂള്ള വാല്‍, വട്ടത്തിലുള്ള കൊളമ്പുകള്‍, നെറ്റിയിലെ ചുട്ടി.. അങ്ങിനെ ഏതൊരു കാളയെ കണ്ടാലും കണക്കെടുപ്പ് എനിക്കൊരു ഹോബി തന്നെ.

പിന്നെ എന്‍.എചില്‍ എത്തിയാല്‍ അംബാസിഡറിന്റെ മോഡല്‍, മാര്‍ക് 1,2,3, ഏതു സ്റ്റേറ്റിലെ രെജിസ്ടേഷന്‍, തമിഴന്‍ വണ്ടികളിലെ റീപ്പര്‍( അലുമിനിയം സ്ട്രിപ്പ്, കത്തിയുണ്ടാക്കാന്‍ പറ്റും) എന്നിവയുടെ കണക്കുകള്‍.

ഞാന്‍ അഞ്ചില്‍(പി.വി.ടി.സി), ആദി മുക്കുവന്‍ ഒമ്പതില്‍. ആദ്യ കുറെ മാസങ്ങളില്‍ ആദിയുടെ കൂടെ ഞാനും നേര്‍വഴിക്ക് പോയി, പിന്നെ രണ്ടു പേരും രണ്ട് വഴിക്കായി. ഞാന്‍ നേരത്തേ ഇറങ്ങും, കുഞ്ഞല്ലേ, പതുക്കെ നടക്കാന്‍ പറ്റൂ...

ആദി ജെ.ടി.എസില്‍ പഠിക്കുന്നതു കൊണ്ട്, വീട്ടില്‍ നിന്നും എന്നും അമ്മ വാതോരാതെ പറഞ്ഞു കൊണ്ടിരിക്കും നീയും അവിടത്തന്നെ പഠിക്കണം. പത്താം തരം പാസായാല്‍ അങ്കമാലി ടെല്‍ക്കില്‍ ഫിറ്ററായി ജോലികിട്ടും. എനിക്കും ആ‍ കാര്യത്തില്‍ വലിയ താല്പര്യകുറവില്ലായിരുന്നു. പക്ഷേ ജോലി എനിക്ക് താല്പര്യം കാന്റ്റീനിലാണെന്ന് മാത്രം. വാഴക്കാല ജോസേട്ടന് അവിടയാ തൊഴില്‍, സപ്ലെയര്‍... ഉണ്ടന്‍പൊരി,മസാല വട ഒക്കെ ഫ്രീയാന്ന അണ്ണന്‍ പറയുന്നത്. ചിലപ്പോള്‍ ബാലന്‍സ് വരുന്നത് വൈകിട്ട് അവരുടെ വീട്ടില്‍ കൊണ്ടുവന്നാല്‍ നാലെണ്ണം ചിലപ്പോള്‍ അയല്‍ക്കാരായ ഞങ്ങള്‍ക്കും കിട്ടും. എന്ത് ടേസ്റ്റാ.. എങ്കില്‍ അവിടെ തന്നെ നമുക്കും ജോലി...


1982, മെയ് 17നു എനിക്കും ജെ.ടി.എസില്‍ അഡ്മിഷന്‍ കിട്ടി.. അക്കാലത്ത് ഈ സ്കൂളില്‍ എട്ടാം തരത്തിലെ ഓണപ്പരീക്ഷക്ക് കിട്ടുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍, ആദ്യത്തെ ആറു വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് കൊടുക്കുന്ന ഒരു ഏര്‍പ്പാട് ഉണ്ടായിരുന്നു. ഇത് ഏകദേശം 80 രൂപ മാസം കിട്ടും, അതും മൂന്ന് വര്‍ഷത്തേക്ക്. ഇതൊരെണ്ണം അടിച്ചെടുത്താല്‍ വീട്ടില്‍ നിന്നും അഞ്ചുമയില്‍ അകലെയുള്ള സ്കൂളിലേക്കുള്ള നടത്തം പകുതി ഒഴിവാക്കി ബസില്‍ യാത്ര ചെയ്യാം എന്ന മുക്കുവക്കാരണവരുടെ ഓഫര്‍ കിട്ടിയപ്പോള്‍, അത് എന്ത് ത്യാഗം സഹിച്ചും നേടിയിരിക്കും എന്ന എന്റ്റെ മറുപടി കാരണവര്‍ ചിരിച്ചു തള്ളി.

പഠനത്തില്‍ യാതൊരു താല്പര്യമില്ലാത്തവനും, അതിലുമുപരി ഒരായിരം കളികളുമായി നടക്കുന്ന ഞാന്‍ സ്കോളര്‍ഷിപ്പ് നേടുക! അത് അസാധ്യം.. പുസ്തകപ്പുഴുവായ ആദി മുക്കുവന് നേടാന്‍ കഴിയാത്തത് നിനക്ക് കിട്ടാക്കനിയാണേ എന്ന് മുക്കുവക്കാരണവര്‍ തീര്‍ത്തും അടിവരയിട്ട് ഉറപ്പിച്ചു.

രണ്ടു കി.മി ദൂരം ദിവസവും നടക്കണ്ടാ എന്ന ഒറ്റക്കാരണം മതി ഏതു പഠിക്കാത്തവനും പഠിക്കും. അത് എനിക്കും ഒരു പ്രചോദനമായി. രാത്രികളില്‍ മണ്ണെണ്ണ വിളക്കിന് മുന്നിലിരുന്ന് ഞാനും എന്റെ പഠനം തുടങ്ങി. ആദ്യമൊക്കെ അയല്‍ വീട്ടിലെ കളിക്കൂട്ടുകാരി റോസിയുടെ വീട്ടിലെ ലൈറ്റ് അണയുന്നത് വരെ മാത്രം വാശിക്ക് വായിച്ചു കൊണ്ടിരുന്ന ഞാന്‍, പെടുന്നനെ ഗിയര്‍ ചെയ്ത് അത് പാതിരാത്രികള്‍ താണ്ടി വായിച്ച് തുടങ്ങി.. പക്ഷേ വായനക്ക് ശക്തികൂട്ടാന്‍, അതുമാറ്റി അതിരാവിലേക്കാക്കി... ലെപ്രസി ശ്രീക്രിഷ്ണാ ക്ഷേത്രത്തിലെ സുപ്രഭാതം കേള്‍ക്കുമ്പോഴാണ്, മുക്കുവകാ‍രണവര്‍ തന്റെ വലയെടുത്ത് വല വീശാന്‍ കൊരട്ടി ചാല്‍, മംഗലത്താഴം,അരിപ്പാലം,വടമ എന്നിവടേക്ക് പോവുക.. ഈ സമയത്ത് കട്ടന്‍ കാപ്പിയുമായി അമ്മ നമ്മളെ ഉണര്‍ത്തി തുടങ്ങി.

എതിരാളികളായി, ബെന്നി ജോസഫ്(അങ്കമാലി), മേരിക്കുട്ടി(ചിറങ്ങര), ഹരികുമാര്‍(ദേവഗിരി), ഷാജു ജോസഫ്, സെബാസ്റ്റ്യന്‍ എടക്കുന്ന്, ബെന്നി വര്‍ഗീസ്. ഇവരെ ഒരാളെ മറികടന്നാല്‍ എനിക്കും സ്കോളര്‍ഷിപ്പ്.

അങ്ങനെ മാസങ്ങളായി കാത്തിരുന്ന പരീക്ഷ വന്നു. എല്ലാം ഭംഗിയായി എഴുതി. റിസല്‍ട്ട് വന്നു. ഞാന്‍ പ്രതീക്ഷിച്ചതിലും കൂടുതലായി.. ഒന്നാമനായി... എന്തായിരുന്നു എന്റെ ഒരു ഹുങ്ക്.. ഇനി മുതല്‍ എന്നും വെറും രണ്ടര കി.മീ നടന്നാല്‍ മതി... കൂടെ പഠിക്കുന്ന ശശിയുടെ കൂടെ ബസില്‍ പോയി വരാം...പക്ഷേ ആ സന്തോഷത്തിനു വലിയ ദീര്‍ഘമില്ലായിരുന്നു.


സ്കോളര്‍ഷിപ്പിനു ഒരു മാനദണ്ടം പ്രതിശീര്‍ഷ വരുമാനം 2800 ഉറുപ്പികയില്‍ താഴെ മാത്രം. അത് എഴുതിത്തരേണ്ടത് അന്നത്തെ കറുകുറ്റി വില്ലേജ് ഓഫീസര്‍.

മുക്കുവക്കാരണവര്‍ക്ക് ആകെയുള്ള വെള്ളത്തരമില്ലാത്ത ഇരുപതു സെന്റില്‍ ഒരു തെങ്ങ് മാത്രമേ കാവലുള്ളൂ. പിന്നെ മൂന്ന് പറ പാടം അമ്മയുടെ സ്ത്രീധനത്തുകയില്‍ വാങ്ങിയതും. വീട്ടില്‍ അടുപ്പില്‍ തീപുകയണമെങ്കില്‍ മുക്കുവക്കാരണവരുടെ അന്നന്ന് വല വീശി കിട്ടുന്ന മീനിനെ അപേക്ഷിച്ചിരിക്കും. അപ്പോള്‍ ഈ സര്‍ട്ടിഫിക്കേറ്റ് കിട്ടാന്‍ ഒരു ബുദ്ദിമുട്ടും ഞങ്ങളാരും പ്രതീക്ഷിചുമില്ല.

സര്‍ട്ടിഫിക്കേറ്റ് വാങ്ങാന്‍, അലക്കി തേച്ച് നീലം മുക്കിയ ഒറ്റമുണ്ടുടുത്ത് വില്ലേജ് ഓഫീസറുടെ ഓഫീസിലേക്ക് ചെന്നു. മകന്റെ വിജയത്തില്‍ ഒഫീസര്‍ അഭിനന്ദിച്ച് വരുമാന സര്‍ട്ടിഫിക്കേറ്റ് എഴുതിക്കിട്ടും എന്ന് വിചാരിച്ചെത്തിയ മുക്കുവക്കാരണവര്‍ക്ക് കിട്ടിയ മറുപടി മറ്റോന്നായിരുന്നു. 200 രൂപ കൊടുത്താല്‍ മാത്രമേ സര്‍ട്ടിഫിക്കേറ്റ് എഴുതി തരൂ. ചില്ലിക്കാശ് കൈയില്‍ ഇല്ലാത്ത മുക്കുവക്കരണവര്‍ തന്റെ വരുമാനം വളരെ കുറവാണു കൈയില്‍ കാശില്ല അതിനാല്‍ തരാന്‍ സാതിക്കില്ല എന്ന് ബോധിപ്പിച്ചു. രണ്ടാഴ്ച നടത്തിയതിനുശേഷം വില്ലേജ് ഓഫീസര്‍ സര്‍ട്ടിഫിക്കറ്റിനായി ചെന്നപ്പോള്‍ ഒരു കണക്കടുപ്പ് നടത്തി.. ദാ ഇങനെ..

തനിക്ക് ഒരു ദിവസം മീന്‍ പിടിച്ചാല്‍ എത്ര കിട്ടും?

20 രൂപ സാര്‍.

എത്ര ദിവസം ആഴ്ചയില്‍ പോകും?

മൂന്ന്, നാലു ദിവസം. മഴയുണ്ടേല്‍ പോകാറില്ല. പിന്നെ കൊടും വേനലില്‍ ഉണ്ടാവില്ല സാര്‍.

വീട്ടില്‍ ഒരു തെങ്ങ് കാവലായിട്ടില്ലേ?

ഉവ്വ് സാര്‍..

അപ്പൊള്‍ തനിക്ക് എങ്ങനെയാടോ 2800 രൂപ വാര്‍ഷിക വരുമാനത്തില്‍ കുറയുക? കണക്ക് അറിയില്ലേ?

അറിയാം സാ‍ര്‍.. പക്ഷേ അത് നിത്യ ചിലവിനു തികയില്ല.

താനെന്തു പറഞ്ഞാലും എനിക്കിത് എഴുതി തരാന്‍ സാധിക്കില്ല, എന്ന് പറഞ്ഞ് ആ‍ ഓഫീസര്‍ 3200/- രൂപ എഴുതി ഒരു സര്‍ട്ടിഫിക്കേറ്റ് കൊടുത്തു.

ഈ സര്‍ട്ടിഫിക്കറ്റുമായി ക്ലാസ് വാദ്യാരുടെ ചെന്നു. വാദ്യാര്‍ ഇങ്ങനെ മൊഴിഞ്ഞു. വരുമാന പരിതിയിലതികമായതിനാല്‍ നിങ്ങളുടെ മകന് സ്കോളര്‍ഷിപ്പ് കിട്ടുകില്ല. ആത്മാവ് നഷ്ടപ്പെട്ട ഒരു ശരീരമായിരുന്നു അന്ന് ഞാനെന്റെ അപ്പനില്‍ കണ്ടത്. അന്ന് എന്റെ പ്രിയപ്പെട്ട വാദ്യാരായിരുന്ന കോതമംഗലത്തേതോ ഒരു പാതിരിയുടെ മകനായ കുര്യാക്കോസാര്‍ എന്നെ സമാധാനിപ്പിച്ചു. അന്ന് സ്കോളര്‍ഷിപ്പ് നേടിയവരില്‍ ഇലക്ട്രിസിറ്റി ഓഫീസില്‍ ജോലി നോക്കുന്ന ലൈന്‍ മാന്റെ മകന്‍ വരെ ഉണ്ടായിരുന്നു. മുക്കുവന്‍ മാത്രം മുതലാളിയായി!എന്തിനീ വിധത്തിലുള്ള സ്കോളര്‍ഷിപ്പ്?


വില്ലേജ് ഒഫീസര്‍മാര്‍ക്ക് കിമ്പളം വാങ്ങാനോ?

16 comments:

mukkuvan said...

വില്ലേജ് ഒഫീസര്‍മാര്‍ക്ക് കിമ്പളം വാങ്ങാനോ?

...പകല്‍കിനാവന്‍...daYdreamEr... said...

Dear friend ,
I like your blog. Whish u a veru happy new year.. cont.fishing!
..all the best...

ajeesh dasan said...

aashamsakal mukkuvan jeee...

B Shihab said...

best wishes mukkuvan

...പകല്‍കിനാവന്‍...daYdreamEr... said...

ഇപ്പൊ മീന്‍ പിടുത്തം ഒന്നും ഇല്ലേ...? വേറെ വല്ല പരിപാടീം ഉണ്ടോ ;) ??

ജഗ്ഗുദാദ said...

Ithu annu matramalla innum kaalika pradanyam ulla oru vishayamanu..

Angeekarangal arhathappettavark innum kittunilla.

OAB said...

എന്റെ വീടിനടുത്തുള്ള 20 ഏക്കറ് റബറിന്റെ ഉടമ ദാരിദ്ര്യ രേഖക്ക് താഴെയാണെന്ന് കേട്ട് ഞാൻ ചിരിച്ചു. അങ്ങനെ പലരുമുണ്ടെന്ന് പിന്നീട് കേട്ടു. അതാൺ നമ്മുടെ(ദൈവത്തിന്റെ) നാട്.
നന്ദിയോടെ, ഒഎബി.

Akshay S Dinesh said...

But not all scholarships are that hard to obtain. Yours was a particular case.

I cannot follow your blog. Please add the followers gadget.

George Andrews Moolekary said...

very touching..

ബ്ലൊഗ്ഗെന്‍ said...

ഞാന്‍ പഠിക്കുന്ന പോളി ടെക്നിക്കില്‍ K.P.C.R എന്നോരു ഇടപാടുണ്ടു.വാര്‍ഷിക വരുമാനം 52000 രൂപയില്‍ താഴെയുള്ളവര്‍ക്ക് 1800 രൂപ ഒരു വര്ഷം കിട്ടും.ഫീസും അടയ്ക്കണ്ടാ.പക്ഷെ വലിയ തോട്ടം മുതലാളിമാരുടെയും ഗള്‍ഫുകാരുടെയും മക്കള്‍ക്കാണ്` അതു കിട്ടാന്‍ യോഗം.അവരുടെ ഒരു മാസത്തെ വരുമാനം ​പോലും അതിനു മേലെ ആണു.ഇതെല്ലാം വില്ലേജ് ഓഫീസറുന്മാരുടെ കളികള്‍ ആണ്.

ശ്രീ said...

വില്ലേജ് ഓഫീസര്‍മാര്‍ക്ക് ആവശ്യമുള്ളതു കൊടുത്താല്‍ മാത്രം അവര്‍ എഴുതി തരും നമുക്ക് വാര്‍ഹിക വരുമാനം എത്രയാണ് എന്നെല്ലാം... ഈ പരിപാടി അപ്പോള്‍ വളരെപ്പണ്ടു തൊട്ടേ നമ്മുടെ നാട്ടിലെ അവസ്ഥയാണ് അല്ലേ മാഷേ?

എന്തായാലും നടത്തം ഒഴിവാക്കാന്‍ വേണ്ടിയാണെങ്കിലും പഠിപ്പില്‍ ഒന്നാമനാകാന്‍ സാധിച്ചല്ലോ... ആശംസകള്‍!

ഓ.ടോ. കൊരട്ടി ഏരിയായിലാണോ മാഷേ വീട്? ഞാനും സമീപത്തു തന്നെയാണ്. വാളൂര്‍-പുളിയ്ക്കക്കടവ് അറിയുമായിരിയ്ക്കണമല്ലോ.

പുരികപുരാണം said...

വില്ലേജ് ഓഫീസരന്മാര്‍ എന്നും ഇങ്ങിനെ തന്നെയാണ്. ഞാന്‍ പ്രീഡിഗ്രി കഴിഞ്ഞു നിയമ പഠനത്തിനുള്ള എന്ട്രന്‍സ് എഴുതാന്‍ അപേക്ഷിക്കുന്ന സമയം. സവരണ ക്വാട്ട ലഭിക്കാന്‍ വരുമാന സര്ടിഫിക്കെട്ടും കൂടെ വെക്കണം. ചെറുതിലെ അച്ഛന്‍ മരണപ്പെട്ട എനിക്ക്, അമ്മയുടെ വീട്ടിലിരുന്നുള്ള തയ്യലും, പിന്നെ അമ്മാവന്മാരുടെ സഹായവും ആണ് വരുമാനം. പത്തു സെന്റ് വീടും പുരയിടവും അമ്മയുടെയും ഇളയംമയുടെയും പേരില്‍. തീര്ച്ചയായും സംവരണ ആനുകൂല്യം കിട്ടും. വേറെ ആരും വരാന്‍ ഇല്ലാത്തതിനാല്‍ ഒറ്റ്ക്ക് തന്നെ വില്ലജ് ഓഫീസില്‍ പോയി. മൂന്നു പ്രാവശ്യവും ആട്ടി ഓടിച്ചു ഒരു കിലോമീറ്റര്‍ അപ്പുറത്ത് താമസിക്കുന്ന വില്ലജ് ഓഫീസര്‍. കാരണം അദ്ദേഹം വീട്ടില്‍ നിന്നും ഓഫീസില്‍ പോകുന്ന വഴിയാണ് എന്റെ വീട്. വീടിനു മുന്‍പില്‍ മിക്കപ്പോഴും ഒരു മാരുതി കാര്‍ ഉണ്ടാവും. അപ്പൊ എങ്ങിനെയാണ് എനിക്ക് കുറഞ്ഞ വരുമാന സര്ടിഫികെടു നല്കുന്നത്. അങ്ങേരുടെ കാല് പിടിച്ചു പറഞ്ഞു നോക്കി, അത് ഞങ്ങളുടേതല്ല, പുറകിലെ വീട്ടിലെ ഡ്രൈവര്‍ അനീഷ് അദ്ധേഹത്തിന്റെ മുതലാളിയുടെ കാര്‍ ചില ദിവസങ്ങളില്‍ കൊണ്ടുവരും. അത് ഞങ്ങളുടെ വീട്ടിന്റെ മുന്‍പില്‍ പാര്‍ക്ക് ചെയ്തപ്പോള്‍ ഞങ്ങളുടെ കാര്‍ ആയി.

സംവരണം ഒന്നും ഇല്ലാതെ തന്നെ എനിക്ക് എന്ട്രന്‍സ് ജനറല്‍ ക്വാട്ടയില്‍ കിട്ടി. പക്ഷെ അവിടെ ഒരു പ്രശനം. വരുമാന സെര്ടിഫിക്കെട്ട് ഹാജരാക്കിയില്ലേല്‍ മുഴുവന്‍ ഫീസും കെട്ടണം. യാതൊരു ആനുകൂലിയങ്ങളും ലഭിക്കില്ല. അതുകൊണ്ട് തന്നെ പഠനം വേണ്ടെന്നു വച്ചു. എങ്ങിനെയോ സംഭവം ലീക്കായി. അയല്‍വാസിയായ രാഘവേട്ടന്‍ വിഷയം ഞാന്‍ മെംബറായ നാട്ടിലെ ക്ലബ്ബില്‍ അവതരിപ്പിച്ചു. എല്ലാവരും രോഷാകുലരായി. ഇതങ്ങിനെ വിട്ടാല്‍ പറ്റില്ല. നമ്മുടെ ഗ്രാമത്തില്‍ ഒരു വക്കീലിനെ കിട്ടുന്ന കാര്യമാണ്. വില്ലജ് ഓഫീസരെ വഴിയില്‍ തടയാന്‍ വരെ ക്ലബ്ബിലെ മെമ്പര്‍ മാര്‍ ഭൂരിപക്ഷ പിന്‍ബലത്തോടെ ആവശ്യപ്പെട്ടു. അപ്പോഴാണ്‌ ബാങ്കില്‍ കാഷിയര് ആയ ഭാസ്കരേട്ടന്‍ വന്നത്. സംഭവം അറിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു, വില്ലജ് ഓഫീസരെ എനിക്ക് അറിയാം. അയാള്‍ക്ക്‌ കാശ് വേണം. അതിന് വേണ്ടിയാണ് അയാള്‍ ഇതു ചെയ്യുന്നത്. കാശ് കൊടുത്തു സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നു ഞാന്‍ ഉറച്ചു നിന്നു. അവസാനം ഭാസ്കരേട്ടന്‍ അദ്ധേഹത്തിന്റെ സ്വാധീനം ഉപയോഗിച്ചു, വില്ലജ് ഓഫീസിരോട് സംസാരിക്കുകയും എന്റെ കയ്യിലുണ്ടായിരുന്ന വരുമാന സര്ടിഫികെട്ടിനുള്ള അപേക്ഷ ഫോറം വില്ലജ് ഓഫീസറുടെ വീട്ടില്‍ നിന്നു തന്നെ ഒപ്പും സീലും വച്ചു കൊണ്ടു തരികയും ചെയ്തു.

പ്രതികാരം എന്റെ മനസ്സില്‍ ഉണ്ടായിരുന്നെന്കിലും, ഞാന്‍ വക്കീലയപ്പോഴേക്കും അദ്ദേഹം ജോലിയില്‍ നിന്നും പെന്‍ഷനായി വിശ്രമ ജീവിതം നയിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഇന്നും എന്നെ സാറേ എന്ന് വിളിക്കുന്നത് ഞാന്‍ ആസ്വദിക്കുന്നു.

arun madappally said...

kollam.... nalla katha.........eni nammude mattu sarkar sthapanangalilkoodi keriyirangan vayyayirunno..........

സായന്തനം said...

shariyaanu mukkuvaa..ithokke janangale drohikkanulla oro systengal anu

സങ്കുചിതന്‍ said...

കുരിയാക്കോസ് സാര്‍ എന്നെയും മൂനുകൊല്ലം പഠിപ്പിച്ചിട്ടുണ്ട്. (1987-90)

Shaji A. Silva said...

പേരൂര്‍ക്കട താമസിക്കുന്ന ഒരാള്‍ ലത്തീന്‍ കത്തോലിക്കാ സര്ട്ടിഫിക്കെടിനു പോയപ്പോള്‍ അവനോടു ചോദിച്ചു നീ 1947 നു മുമ്പ് ലത്തീന്‍ കത്തോലികരായിരുന്നു എന്നതിന്റെ തെളിവ് കൊടുക്കാന്‍... അവന്റെ സ്നാനത്തിന്റെ, അവന്റെ അപ്പന്റെയും തെളിവുകൊടുക്കാം, പിന്നയോ... 3 പ്രാവശ്യം നടന്നപ്പോള്‍ കരുണയുള്ള ഒരു പിയൂണ്‍ ഇടപെട്ടു. 1500 മതിഎന്ന് പറഞ്ഞു... അവന്‍ ഒരു തൊഴില്‍ രഹിതന്‍, ആ സമയം ഒട്ടും കാശില്ല.... ഈ വിവരം മനോരമയിലെഒരു റിപോര്ടരോട് പറഞ്ഞു. അയ്യാള്‍ ഒന്ന് വിളിച്ചു അന്വേഷിച്ചു... ചാര്‍ജ്ജ് 1500 ആണോ എന്ന്. പിന്നെ എല്ലാം പെട്ടെന ... 5 മിനിട്ടിനുള്ളില്‍ .....