Wednesday, December 26, 2007

സംവരണം ആര്‍ക്കുവേണ്ടി?

അന്നന്നത്തെ അത്താഴത്തിനു കഴിവില്ലാത്തവര്‍ക്ക് വിദ്യഭ്യാസ/തൊഴില്‍ സംവരണം ആവശ്യമാണു. അതില്‍ ആര്‍ക്കും ഒരു എതിരുണ്ടാവാന്‍ സാധ്യതയില്ല. എന്നിട്ടും ഈ മുക്കുവനന്തേ ഒരു ചോദ്യം? മുക്കുവനെന്നും അങ്ങിനയാ!

നമ്മുടെ രാഷ്ട്രത്തിനു സ്വാതന്ത്ര്യം കിട്ടി, 60 വര്‍ഷികം കഴിഞ്ഞിട്ടും, ഈ സംവരണ വിഭാഗത്തില്‍ ഒരു വ്യത്യാസവുമില്ല എങ്കില്‍ എവിടെയോ ഒരു വശപിശകില്ലേ? അതാണു എന്റേയും ഒരു സംശയം.

ഇന്നു നമമള്‍ ജാതീയ വ്യവസ്ഥയില്‍ സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നു. അതുതന്നെ ഒരു ശരിയായ നടപടിയാണെന്നെനിക്ക് അഭിപ്രായമില്ല. പിന്നെ ഉള്ള സംവരണം തന്നെ ഒരു പ്രശ്നമാ‍യ സ്ഥിതിക്ക് വേറൊരു സംവരണം കൂടി വേണം എന്ന് പറയാന്‍ എനിക്കാവില്ല.

ഇപ്പോള്‍ നിലവിലുള്ള സംവരണം എങിനെ പാവപ്പെട്ടവനു എത്തിക്കാന്‍ പറ്റും എന്നേ ഞാന്‍ ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നുള്ളൂ.

ഇപ്പോഴുള്ള ജാതീയ വ്യവസ്ഥിതിയിലുള്ള സംവരണം ആര്‍ക്ക് കിട്ടുന്നു. സംവരണ വിഭാഗത്തിലെ ഉന്നതരായവര്‍ക്കു കിട്ടുന്നു. അതായത് 20% സംവരണം 1945 കിട്ടി, ഇന്ന് കളക്ടറായി ജീവിക്കുന്നവന്റെ മകന്‍ ജാതീയ വ്യവസ്ഥയുടെ സംവരണ ക്വോട്ടായില്‍ അത്താഴപ്പട്ടിണിക്കാരനുമായി മത്സരം. ഇതില്‍ നല്ലൊരു പങ്കും അത്താഴപ്പട്ടിണിക്കാര്‍ രക്ഷപെടുകയില്ല. ക്രീമിലെയര്‍ സംവരണ വിഭാഗം അവരുടെ പണവും,പ്രതാ‍പവും ഉപയോഗിച്ച് പാവപ്പെട്ടവനെ തോല്പിക്കുന്നു. അതുകൊണ്ട് ഇന്ന് സംവരണം പാവപ്പെട്ടവനു കിട്ടുന്നില്ല എന്നാണെന്റെ അഭിപ്രായം, അപ്പോള്‍ പിന്നെ എങ്ങിനെ ഇതിനൊരു പരിഹാരം?


ഒരു തവണ സംവരണ വ്യവസ്ഥയില്‍ ജോലിക്ക് കയറിയവന്റെ മക്കള്‍ക്ക് സംവരണം പാടില്ല. ഇത് ഏര്‍പ്പെടുത്തിയാല്‍ രണ്ടു തലമുറ കഴിയുമ്പോള്‍( ഒരു 40 വര്‍ഷം) എല്ലാവരും തുല്യരായി. ജാതീയ സംവരണം കഴിഞ്ഞു, പിന്നെ ഇതിനു പകരം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുക.

ആരേലും എന്നെ സപ്പോര്‍ട്ടാമോ?

Thursday, November 22, 2007

സ്വയാശ്രയം മുക്കുവന്റെ നോട്ടത്തില്‍!

സ്വയാശ്രയ സ്ഥാപനം എന്നാല്‍ വരവുചിലവുകള്‍ സ്വന്തമായി നിയന്ത്രിക്കാന്‍ കഴീവുള്ള സ്ഥാപനം എന്നര്‍ത്ഥം. അത് ഒരു ജുവലറി ഷോപ്പോ, സുപ്പര്‍ ബസാറോ, ദിനേശ് ബീഡിയോ, കള്ള് ഷാപ്പോ, കോളേജോ ആകാം. അങ്ങനെയുള്ള ഒരു സ്ഥാപനങ്ങളും അവരുടെ വരുമാനത്തിന്റെ പകുതി പാവങ്ങള്‍ക്ക് വെറുതെ കൊടുക്കാന്‍ ഒരു സര്‍ക്കാര്‍ പറയുന്നതില്‍ എന്താണൊരു ന്യായം?

ഏതേലും ഒരു സ്വര്‍ണ്ണക്കടക്കാരന്‍, പാവപ്പെട്ടവന്റെ മകളെ കെട്ടിക്കാന്‍ പകുതി വിലക്കു സ്വര്‍ണ്ണം കൊടുക്കോ?

ദിനേശ് ബീഡി പാവപ്പെട്ടവനു വെറുതെ കൊടുക്കോ?

കള്ള് ഷാപ്പില്‍ പാവപ്പെട്ടവനു ഒരു പെഗ്ഗ് വെറുതെ കൊടുക്കോ?

ഇല്ല എന്നാണു മുക്കുവന് മനസ്സില്ലാക്കാന്‍ കഴിയുന്നതു.

സ്വയാശ്രയ കോളേജും ഒരു ബിസിനസ്സാണു. അതാരു നടത്തിയാലും, അപ്പോള്‍ എന്തിനാ സര്‍ക്കാര്‍ അതിലിടപെട്ട് 50:50 അനുപാതം പറയുന്നതു? ബിസിനസ്സ് നന്നാക്കാന്‍ വേണ്ടി അവര്‍ക്കിഷ്ടമുള്ള കോഴ വാങ്ങിക്കോള്ളട്ടേ. കോഴ വാങ്ങുന്ന കോളേജുകളുടെ സ്റ്റാ‍ന്‍ഡേര്‍ഡ് കുറയും. മന്ദബുദ്ദികാളാവും ഇവിടെ നിന്ന് പഠിച്ചിറങ്ങുക എന്നീ കുറെ ന്യായങ്ങള്‍ ഞാന്‍ കേട്ടിട്ടുണ്ട്. ആയിരിക്കാം, ചിലവ അതുപോലെ ആയിത്തീരും. അവയെ ഇന്‍ഡസ്ടി തന്നെ വേണ്ടാന്ന് വക്കില്ലേ? ഇപ്പോള്‍ എത്ര തെലുങ്കന്‍ സര്‍വകലശാലകളെ ഡീലിസ്റ്റ് ചെയ്തിരിക്കുന്നു.

ഇന്ന് ലോകത്തുള്ള ഏറ്റവും നല്ല കോളേജുകളില്‍ പലതും സ്വയാശ്രയ സ്ഥാപനങ്ങളല്ലേ? eg: MIT,Cambridge,Oxford,Warton business. അവര്‍ക്കെങ്ങിനെ നന്നാവാന്‍ സാധിച്ചു. കോളേജില്‍ കഴിവുള്ള വിദ്യാര്‍ത്ഥികളെ വരുത്തിച്ചു. അതിനവര്‍ പാവപ്പെട്ട കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് കൊടുത്തു.


ഇനിയിപ്പോള്‍ പാവപ്പെട്ടവനു, ഇത്രയും കോഴ കൊടുത്ത് എങ്ങിനെ പഠിക്കാന്‍ സാധിക്കും? വിദ്യ ആര്‍ക്കും നിഷേധിക്കരുത് എന്നാണു മുക്കുവണ്ടേയും അഭിപ്രായം. അതിനു സ്വയാശ്രയ കോളേജു കാരെ പിഴിയേണ്ട കാര്യമില്ല എന്നാണെനിക്കു തോന്നുന്നതു. അപ്പോള്‍ പിന്നെ എങ്ങനെ ഇവരെ പഠിപ്പിക്കാന്‍ പറ്റും?

ദാ ദിങ്ങനെ:

ബിസിനസ്സ് ടാ‍ക്സ് സര്‍ക്കാരിനു കൂട്ടാന്‍ ഒരു ശുഭവസ്ത്രധാരികളുടേയും അനുവാദം വേണ്ടാ എന്നാണെനിക്കു തോന്നുന്നത്. അപ്പോള്‍ ഒരു 20% ടാക്സ് സ്വയാശ്രയ കോളേജുകള്‍ക്കേര്‍പ്പെടുത്തുക. ഈ കിട്ടുന്ന തുക പാവപ്പെട്ടവനു പഠിക്കാന്‍ ലോണായി കൊടുക്കുക.

എന്തെ, ലോണ്‍? നല്ല ചൊദ്യം. ഉന്നത വിദ്യഭ്യാസം കഴിഞ്ഞ് ആരും ചേമ്പ് നടാ‍ന്‍ പോവാറില്ല. അവര്‍ നല്ല ശാംമ്പളത്തില്‍ ജോലിക്കു പോകുന്നു. അത് മിക്കപ്പോഴും അന്യനാടുകളിലാണു( എന്തേ അന്യ നാടുകളില്‍, അത് നമ്മുടെ കൈയിലിരിപ്പ് കൊണ്ടല്ലേ?), അപ്പോള്‍ വെറുതെ പഠിപ്പിച്ചിട്ട് സര്‍ക്കാരിനെന്ത് ലാഭം? ജോലി കിട്ടുമ്പോള്‍ പലിശയടക്കം തിരിച്ച് വാങ്ങുക.

അങ്ങനെയായാല്‍, ആദ്യ നാലു വര്‍ഷം 5-ല്‍ ഒന്ന് പാവപ്പെട്ടവനു ഉന്നത വിദ്യഭ്യാസം കിട്ടിയില്ലേ? 8 വര്‍ഷം കഴിയുമ്പോള്‍ ആദ്യ നാലുവര്‍ഷം കൊടുത്ത കാശ് തിരിച്ച് കിട്ടുന്നു. ഒരു 10% കിട്ടിയില്ല എന്ന് കരുതുക. എന്നാലും മുതലും പലിശയും കൂടി 5-ല്‍ ഒന്ന് വരും. അപ്പോള്‍ ഒരു 20 വര്‍ഷം കൊണ്ട് 1:1 അനുപാതത്തില്‍ പാവപ്പെട്ടവനു ഉന്നത വിദ്യഭ്യാസം കിട്ടിയോ? ഇനിയുള്ള ഓരോ വര്‍ഷവും, സര്‍ക്കാരിനു കാശ് കൂടുന്നു. അപ്പോള്‍ ഇത് ഒരു കാഷ് കൌ ആയില്ലേ സോദരാ?

ഇങ്ങനെയായാല്‍ ഒരു കാര്യം നടക്കില്ല. പാര്‍ട്ടി പ്രവര്‍ത്തനം. കാരണം പഠിക്കുന്നതിനു മുതല്‍ മുടക്കുണ്ട്. അതുകൊണ്ട് മണ്ടേലെയെ വെറുതെ വിടാനൊന്നും പറഞ്ഞ് സമരം നടത്താന്‍ ആളെ കിട്ടില്ല. അതു പാര്‍ട്ടിക്കാര്‍ക്ക് ക്ഷീണം ചെയ്യും. അതുകൊണ്ട് ഇത് ഒരു പാര്‍ട്ടിയും സമ്മതിക്കില്ല. അതാണു ഫ്രീ വിദ്യഭ്യാസത്തിനു, പാര്‍ട്ടി കോലാഹലങ്ങള്‍ ഉണ്ടാക്കുന്നതു. അല്ലാതെ പാവപ്പെട്ടവനെ പഠിപ്പിക്കാനാ?

ഇനി കള്ളപ്പണമായി കാശ് കൊടുത്താല്‍ സര്‍ക്കാരിനെങ്ങിനെ ടാക്സ് കിട്ടും. അതും നല്ല ചോദ്യം? ഇവിടെ ചുമ്മാ കാശ് കൊടുത്ത് വിജിലെന്‍സിനേയും,പോലീസിനേയും നിര്‍ത്തിയിരിക്കുന്നതെന്തിനാ? അവരെ ഭരിക്കാന്‍ കഴിവില്ലെങ്കില്‍ പിന്നെ എന്തിനാ അധികാരം?

Tuesday, November 13, 2007

ആഴക്കടല്‍ മീന്‍പിടുത്തം!

മീന്‍ പിടിക്കാന്‍ പോയി ഒന്നും കിട്ടിയില്ലേല്‍ മത്രമല്ല മറക്കാന്‍ പറ്റാത്ത ഒരോര്‍മ്മയാവുക.

കുട്ടിക്കാലത്ത് കണ്ണന്‍കുളത്തിലും,ചിറക്കുളത്തിലും ചൂണ്ട ഇട്ടിട്ടുണ്ട്, പിന്നെ ഊത്തല്‍ പിടുത്തത്തിനും, ഈസ്റ്റര്‍ വടമ മീന്‍പിടുത്തത്തിനും അപ്പനു ഒരു സഹായി, എന്നല്ലാതെ എനിക്ക് ഒരു പരിചയവും മീന്‍ പിടുത്തത്തിലില്ല. ചൂണ്ട ഇടുന്നത് അപ്പനറിഞ്ഞാല്‍ അന്ന് വൈകിട്ട് ഒരു ലോഡ് ഊരി വടിക്ക് കുറവുണ്ടാകും എങ്കിലും എനിക്ക് ചൂണ്ടല്‍ ഒരു ഹരമായിരുന്നു. കിട്ടുന്നത് വെറും പരലും,മുത്തി,മാഗ്ലംജി,ആര,കാരി എന്നിവയല്ലാതെ ഒന്നും എന്റെ ഓര്‍മയിലില്ല. അതെങ്ങിനാ, മീന്‍ചാത്തന്‍ ബെന്നി,കുറുക്കന്‍ ജോയി,കോറോന്‍ ജോസേട്ടന്‍, കൂനാച്ചി എന്നിവര്‍ ആ കരയിലുള്ളിടത്തോളം കാലം ഒരു മീനും ഒരു കൊളത്തിലും കണില്ല. ഈവക മീനുകളൊക്കെ ഇന്ന് ഉണ്ടോ എന്തോ?


കാലങ്ങള്‍ക്കുശേഷം എബി വിളിച്ച് “ഡാ നമ്മുക്ക് ആഴക്കടലില്‍ ചൂണ്ടാന്‍ പോകാം” എന്ന് പറഞ്ഞപ്പോള്‍ എനിക്കുണ്ടാ‍യ ഒരു സന്തോഷം, ഇന്ന് അപ്പന്റെ തല്ലു കൊള്ളാതെ ഒരു ദിവസം മൊത്തം ചൂണ്ടാലോ.

ഡാ എബീ നീ അന്നാ വേറെ കുറെ അണ്ണന്മാരെ കൂടി കൂട്ട്. അപ്പോള്‍ പോക്കിനു ഒരു ഗുമ്മുവരും എന്താ? അവന്‍ കേട്ടപാടെ ന്വൂ ഇഗ്ലണ്ടില്‍ അറിയുന്ന എല്ലാവരേയും തലേന്നേ വീട്ടിലേക്ക് വിളിച്ചു.

ഡാ മീന്‍ പിടിക്കാന്‍ പോയാല്‍ വല്ലതും കിട്ടോ? ഹും... ചുമ്മാ ചൂണ്ട കടലില്‍ ഇടുക, വലിച്ചെടുക്കുക. നാലുമണിക്കൂറുകൊണ്ട് ഒരു 20 കിലോ മീന്‍ ഉറപ്പാടാ.

ആഴക്കടല്‍ മീന്‍പിടുത്തം ഒരു ദിവസം ഫുള്‍ ട്രിപ് ഉണ്ട്, ഹാഫ് ഡേ മോര്‍ന്ണിങ് സെഷന്‍, ഇവനിങ് സെഷന്‍ അങ്ങനെ മൂന്നു തരത്തിലുണ്ട്. ഞങ്ങള്‍ ഇവനിങ് സെഷന്‍ ബുക്ക് ചെയ്തു.

മീന്‍പിടുത്തത്തിനു തലേന്നേ എല്ലാവരും ഹാജര്‍. അതിരാവിലെ മൂന്ന് മണി വരെ നാല്പത് കളിച്ചിരിക്കുബോള്‍ ചിലര്‍ക്കോരു കൊതി. കാലത്തെ സെഷന്‍ ഒന്ന് കയാക്കിങിനു പോയാലോ? (നാലടിച്ചിരിക്കുബോള്‍ രണ്ട് കുണുക്ക് ഉണ്ടായാല്‍ ഈവക ഐഡിയ വന്നില്ലെങ്കിലേ അതിശയിക്കേണ്ടൂ) നല്ല ഐഡിയാ, എല്ലാവരും അതിനും റെഡി.

കയക്കിങ്ങിനു കാലത്തെ എട്ട് മണിക്ക് ജെട്ടിയിലെത്തണം . അന്നാ പിന്നെ ഉറങ്ങണ്ടാ, അല്ലേല്‍ ആരും എനിക്കുകേലാ. പ്രഭാത ഭക്ഷണം ഉണ്ടാക്കാന്‍ നേരമില്ലാ. ഓരോ ഓംലറ്റ് ഉണ്ടാക്കി കഴിച്ചു.

കുടിക്കാന്‍ വല്ലതും വേണോ? ഉം, ഒരു കൂളറേ കയ്യിലുള്ളൂ, അന്നാ അതില്‍ ബിയര്‍ നിറക്ക്, വെള്ളം വേണോ? എന്തിനു? ആ സ്ഥലം ഉണ്ടേല്‍ മൂന്ന് ബിയര്‍ ഇടാം, കുറ്റം പറയരുതല്ലോ പേരിനു ഒരു വെള്ളക്കുപ്പി കൈയില്‍ പിടിച്ചു.

കാലത്തെ കായാക്കിങ്ങും കഴിഞ്ഞ് 12 മണിക്കു മീന്‍ പിടിക്കാന്‍ എല്ലാവരും ഉത്സാഹരായി ജെട്ടിയിലെത്തി.

ബോട്ടിന്റെ ക്യാപ്റ്റന്‍, ഇന്നു അല്പം തിരമാല ഉണ്ടാകും എന്ന് മുന്നറിയിപ്പ് തന്നത് കേള്‍ക്കാന്‍ ഞങ്ങള്‍ ചെവി കൊടുത്തില്ല. ബോട്ടില്‍ ഏകദേശം അന്‍പതോളം ജനം. ഞങ്ങള്‍ ഒരു മുപ്പതും, ഒരു ഇരുപതോളം ചൈനക്കാരും, പിന്നെ ഒന്നോ രണ്ടോ വെള്ളക്കാരും.

ഞങ്ങള്‍ ബോട്ടിന്റെ മുന്‍പില്‍ തന്നെ സ്ഥലം പിടിച്ചു. ഒരു മുപ്പത് മിനിറ്റ്സ് യാത്രാ, പിന്നെ നാലു മണിക്കൂര്‍ ചൂണ്ടല്‍ പിന്നെ തിരികെ ആകെ 5 മണിക്കൂര്‍ പരിപാടി.

ബോട്ട് സ്റ്റാര്‍ട്ടായി, തിരമാ‍ലകളെ മുറിച്ച് ആഴക്കടലിലേക്ക്. ക്യാപ്റ്റന്‍ പറഞ്ഞപോലെ തിരമാല ഒരു ആറടിയോളം. ഓരോ തിരയടിക്കുബോഴും, ഞങ്ങള്‍ ആര്‍ത്തട്ടഹസിച്ചു. ചിലര്‍ ടൈറ്റാനിക് കോപ്പിയടിച്ച് നില്പാ‍യി, ചില ഫൂചര്‍ മില്യനേര്‍സ് ഒരു ബോട്ട് വാങ്ങുത്തതിനെ പറ്റി ചര്‍ച്ച തുടങ്ങി. ചൂണ്ടയിടാന്‍ പരിചയമില്ലാത്തവര്‍ ചൂണ്ട ഇടല്‍ റ്റെക്നിക്ക് ചര്‍ച്ച ചെയ്തു. ഇരയെങ്ങനെ കൊത്തണം, മീന്‍ കൊത്തിയതെങനെ അറിയാം അങ്ങനെ അങ്ങെനെ...

ഏകദേശം പതിനഞ്ച് മിനിട്ട് യാത്ര കഴിഞ്ഞു, തിരമാലകള്‍ കൂടുന്നതല്ലാതെ കുറയുന്ന മട്ടില്ല. എന്റെ പത്നി ചുമ്മ കാറിലിരുന്നാല്‍ വാളു വെക്കും. ഈ സുഖകരമായ യാത്ര അവരെ ആദ്യ വാളിനടിമയാക്കി. ഇത് കണ്ട് ഞാന്‍ ചൂണ്ട ഇടല്‍ വേണ്ടാ എന്ന് തീരുമാനിച്ച് അവരെ മടിയില്‍ കിടത്തി ഇരിപ്പായി. പിന്നെ അടുത്ത ഓരോ മിനിറ്റിലും ഓരോ തരുണീമണികളും വാളിനടിമയായി.

ഭാര്യമാര്‍ മാത്രം വാളുവെക്കുന്നത് ഒരു കുറവാകുമെന്ന് കരുതി, ഓരോ ചേട്ടന്മാരും വാളായി. ഓരോ തിരമാല വരുബോഴേക്കും ഞങ്ങള്‍ ഒരു മുപ്പത് ജനം വരിവരിയായി വാളുവെക്കുന്നു. ചൂണ്ട ഇടല്‍ തുടങ്ങിയതേയുള്ളൂ, ഇനിയും നാലുമണിക്കൂര്‍ ഈ ബോട്ടില്‍ നിന്നാല്‍ എല്ലാം മണ്ണടിയുമെന്ന് തോന്നുംവിധം വാ‍ളു മഹോത്സവം നടക്കുന്നു.

ഒരുവന്‍ ക്യാപ്റ്റനോട്, “സാര്‍ എല്ലാവരും സിക്ക് ആണു ഒന്ന് നേരത്തേ മീന്‍പിടുത്തം നിര്‍ത്തി മടങ്ങാമോ”

അതു പറ്റില്ല, ചൈനക്കാര്‍ക്കു നല്ലപോലെ മീന്‍ കിട്ടുന്നുണ്ട് അവര്‍ സമ്മതിക്കുകില്ല. കാലത്തു കഴിച്ച ഓംലറ്റ് മീന് വളരെ ഇഷ്ടമായതുക്ണ്ടോ എന്നറിയില്ലാ, ചൈനക്കാര്‍ക്ക് ഇഷ്ടം പോലെ മീന്‍ കിട്ടുന്നു.

ഓരോ സെക്കന്റും എണ്ണി, ഓരോ തിരമാലയും എണ്ണി ഞങ്ങളന്ന് നാലുമണിക്കൂര്‍ നടുക്കടലില്‍. ആകെയുള്ള ഒരു ബോട്ടില്‍ വെള്ളം ആദ്യ വാളില്‍ തന്നെ തീര്‍ന്നു. പിന്നെ ചിലര്‍ ബീയര്‍ വായ് കഴുകാന്‍ ഉപയൊഗിച്ചു. എങ്ങനയോ നാലുമണിക്കൂ‍ര്‍ കഴിച്ചുകൂട്ടി, വൈകിട്ട് വീട്ടിലെത്തി, ചൂടന്‍ കഞ്ഞിയും, അച്ചാറും കൂട്ടി കഴിച്ച് കിടന്നുറങ്ങി.


അതില്‍ പിന്നെ എന്ന് മീന്‍ പിടിക്കാന്‍ പോകുന്നതിനും മുന്‍പേ കാലവസ്ഥ നോക്കിയതിനുശേഷമേ പോകൂ. ഭാര്യമാരെ മീന്‍പിടുത്തത്തില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.

Tuesday, July 31, 2007

കള്ള് ഒരു കേരള പാനീയം!

എന്തുകൊണ്ടു കള്ള് ഒരു സോഫ്ട് ഡ്രിങ്ക്സ് ഗണത്തില്‍ പെടുത്തിക്കൂടാ? ഇളം കള്ളിലെ ആള്‍ക്കഹോള്‍ ലെവല്‍ 5-8% ആണെന്നാണു. ഇത് നല്ലോരു ശതമാനം ബീയറിന്റെ ആള്‍ക്കഹോള്‍ ലെവലിനേക്കാളും കുറവാണു.

കള്ള് ചെറിയ ബിയര്‍ ബോട്ടില്‍ ആക്കി വിറ്റാല്‍ ഇന്ന് കേരകര്‍ഷകനു കിട്ടുന്നതിന്റെ 4 ഇരട്ടിയെങ്കിലും ലാഭം കിട്ടും എന്നാണു ഈയുള്ളവനു മന‍സ്സിലാക്കാന്‍ കഴിയുന്നത്.

ഇതിനു കേരള സര്‍ക്കാര്‍ രണ്ട് നിയമങ്ങള്‍ മാറ്റേണ്ടിയിരിക്കുന്നു.

- കള്ള് ചെത്ത് ഏത് തൊഴിലാളിക്കും ചെയ്യാം. ഇത് ഒരു വിഭാഗത്തിന് എഴുതിക്കൊടുത്തത് എന്ത് ന്യായം?
- കള്ള് എല്ലാ കടകളിലും വില്‍ക്കാനുള്ള അവകാശം.

കേരളത്തില്‍ ഇന്ന് വിറ്റഴിക്കുന്ന സ്പിരിറ്റ് മൊത്തം കര്‍ണാടകത്തില്‍ നിന്നാണു വരുന്നത്. കള്ള് സുലഭമാക്കിയാല്‍ ഇത്രയധികം സ്പിരിറ്റ് എന്തിനു നാം ഇറക്കുമതി നടത്തുന്നു. ഇത് നടപ്പിലാക്കിയാല്‍ ഇന്നു കേരകര്‍ഷകന്‍ ആവശ്യപ്പെടുന്ന ഒരു താങ്ങുവിലയും വേണ്ടിവരില്ല. കേരളം മൊത്തമായും തെങ്ങുകള്‍ കൊണ്ട് നിറയും.

ശ്രീലങ്കക്കാര്‍ ഇത് എപ്പോഴേ നടപ്പിലാക്കി. ഇന്ന് അമേരിക്കയില്‍ വരെ ശ്രീലങ്കന്‍/തായ് കള്ള് ലഭ്യമാണു.

റം, വിസ്കി എന്നിവയില്‍ 40-45% ആള്‍ക്കഹോള്‍ ലെവല്‍ ആണുള്ളത്. പട്ടച്ചാരായത്തില്‍ 70-90% ഉം. എന്നിട്ടും ഇത് കൂടുതല്‍ ഇറക്കുമതി ചെയ്ത്, കേരളത്തിലെ ജനങ്ങളെ മുഴുക്കുടിയരാക്കുന്നതിലും നല്ലത് കേരളത്തിലെ ഒരു ഉല്പന്നം തന്നെ കഴിപ്പിക്കുന്നതല്ലെ നല്ലതു? ജര്‍മനിയില്‍ ബിയര്‍ ഒരു സൊഫ്ട് ഡ്രിങ്ക്സ് പോലെയാണു. ബിയര്‍ കുടിക്കാന്‍ ഒരു ഉത്സവം തന്നെ അവര്‍ നടത്തുന്നു. ഫ്രാന്‍സില്‍ വൈനും, കോണിയാകും ഡിന്നറിനു കൂടുബോള്‍, ഇറ്റലിയും വൈനില്ലാതെ ഒരു നേരം ചിലവിടുന്നില്ല. ഇഗ്ലീഷുകാര്‍ വിസ്കി കൂടുതല്‍ കഴിക്കുന്നു. ഇതില്‍ നിന്ന് കാണാന്‍ കഴിയുന്നത് അവരവരുടെ നാട്ടിലെ ഡ്രിങ്ക്സ് അവര്‍ ഉപയോഗിക്കുന്നു എന്നാണു. പക്ഷേ കേരളത്തില്‍ അന്യ നാട്ടില്‍ നിന്നും വരുന്ന പട്ടചാരായം മാത്രം!

ഒരു സര്‍ക്കാരും ഇത് നടപ്പിലാക്കാന്‍ സമ്മതിക്കാന്‍ വഴിയില്ല. ഇത് നടപ്പിലായാല്‍ മാണിച്ചന്മാരുടെ കോടികള്‍ കൈക്കൂലി പിന്നെ കിട്ടില്ലല്ലോ? പിന്നെ ചിലപ്പോള്‍ മല്ലയ്യായും ഇതിനെ എതിര്‍ക്കും. 50% ഇന്‍ഡ്യന്‍ ബിയര്‍ മാര്‍ക്കറ്റ് ഇയാളുടെ കൈയിലല്ലേ?

Sunday, July 29, 2007

വാഴ കൃഷി ഒരു എത്തി നോട്ടം.

വാഴ കണ്ണ് വച്ച് പത്ത് മാസം നല്ല പോലെ പരിചരിച്ചാല്‍ ( കാലാവസ്ഥ അനുകൂലവും) ഒരു 8-10 കിലോ തൂക്കമുള്ള ഒരു വാഴക്കുല കിട്ടും.

ചിലവ് വരവു ദേ ഇവിടെ...

വാഴക്കണ്ണ് - 4/-
ഒരു തൊഴിലാളി 25 വാഴ ഒരു ദിവസം തോട് കീറും. കൂലി 200. , അതായത് ഒരു കുഴി - 8രൂപ.
വളങ്ങള്‍ - എല്ലാ മാസവും 200ഗ്രാം. * 10 = 2കിലോ. * 6രൂപ് = 12രൂപ.
വളമിടല്‍ കൂലി - 100 വാഴ ഒരാല്‍ക്കു ഒരു ദിവസം മൂടാം. 200/100 = 2/-
വെള്ളം നനക്കൂലി - 400വാഴ ഒരു ദിവസം നനക്കും. , 200/400 = 0.50
ഒന്നരാ‍ടം നന 10 മാസത്തേക്കു 5*30 *0.5 = 75/- ( ഞാന്‍ 5 മാസം മഴകിട്ടി എന്ന് സ്വപ്നിച്ചു!!)
ആകെ ചിലവ് = 101/-
കാവല്‍(എല്ലാ വാഴയും കുലക്കില്ല) ശതമാനം - 60-70, അതായത് 100 വാഴ വെച്ചാല്‍ 70 എണ്ണേ കുലച്ച് കിട്ടൂ.
ഞാന്‍ ഒരു 30% കൂടുതല്‍ ചിലവു ഒരു വാഴക്കു കൂട്ടിയാല്‍ ചിലവ് = 131.
ഒരു കിലോ കായ( നേന്ത്രകായ) 10-12രൂപ കര്‍ഷകനു കിട്ടും. 10*10 = 100/-
അതായത് ഒരു കര്‍ഷകന്‍ ഒരു വാഴ 10 മാസം വളര്‍ത്തി വലുതാക്കി വിറ്റാല്‍ 31രൂപ നഷ്ടം.
എന്തിനു ഈ കര്‍ഷകന്‍ ഈ പണിക്കു പോകുന്നൂ‍ൂ‍ൂ‍ൂ‍ൂ‍ൂ?

ഒരു ചെറുകിട പെട്ടിക്കടക്കാരന്‍ ഇത് വില്‍കുന്ന കണക്കു താഴെ...


ഒരു കിലോ കായ/പഴം. - 15രൂപ

10 കിലോ വില്‍കാന്‍ 2 ദിവസം. - ഒരു ദിവസം കൊണ്ട് 5 * 15 = 75 - 50 = 25 രൂപ ലാഭം.

ഇതില്‍ നിന്നു വാടകയും,കൂലിയും കുറച്ചാലും ഒരു 20-30% ലാഭം.... ഇവര്‍ക്കു യൂണിയനുണ്ട്. നേതക്കളുണ്ട്.... പരിവാരങ്ങളും ഉണ്ടു.

പാവം കര്‍ഷകന്‍ 10 മാസം പണിതിട്ട് കിട്ടിയതോ???? ഇതിനു മേതെ ഒരു കാറ്റടിച്ച് വാഴ ഒടിഞ്ഞ് പോയാലോ? ഇവന്‍ അത്മഹത്യ ചെയ്യും തീര്‍ച്ച.നെല്‍ കൃഷി എന്തൊരു ലാഭം..!

ഒരു രണ്ട് പറ കണ്ടം വിതച്ച് കൊയ്താ‍ല്‍ കിട്ടുന്നത് 35പറ നെല്ലാണു.
ഇതിന്റെ ചിലവുകള്‍ താഴെ.
വിത്ത് - രണ്ടു പറ വിത്ത് ( 8കിലോ. 7രൂപ പെര്‍ കിലോ) - 56/.
ഞാറിടല്‍ - ഒരു കൂലി - 175 രൂപ.
വരന്‍ബു പണി. രണ്ട് കൂലി - 350/.
വളം. ( ഒരു പറ എല്ലു പൊടി 180രൂപ,
ചാണം. 15 പാട്ട.* 9രൂപ്) 315
ഉഴവല്‍ ടില്ലര്‍ രണ്ട് മണിക്കൂര്‍ * 140രൂപ) 280/.
ഞവര്‍ക്കല്‍ 100രൂപ.
ഞാറ് പറി 4*100രൂപ.. 400/.
നടീല്‍ 2*150 300/.
മരുന്നടി 2 *100മി. , 60രൂപ. 120/.
രണ്ടാം വളം. 6കിലോ, പൊട്ടാഷ് * 8രൂപ 48/.
കള പറിക്കല്‍ 2* 100 200/.
കൊയ്ത്ത് 3*150 450/.
മെതി,മിസ്ലേനിയസ് 2*150 300/.
ആകെ ചിലവ് - 2994.
ഇനി വെള്ളക്കരം, വെള്ളം തിരി.. ബാക്കി ഇഷ്ടം പോലെ വേറെ പണികളും.

ചിലവു = 3004.

ഒരു കിണ്ടല്‍( 13 പറ) 600രൂപ.
അതായത് രണ്ടു പറ കണ്ടത്തില്‍ നിന്നു കിട്ടുന്ന നെല്ല് 3 കിന്റല്‍. മൊത്തം നെല്ല് വിറ്റാല്‍ കിട്ടുന്ന തുക. - 3 * 600 = 1800.
വയ്കൊല്‍ - 300 മുടി. 3 രൂപ. = 900.

ആകെ വരവ് - 2500രൂപ.

നഷ്ടം ഒരു പൂപ്പില്‍( മൂന്ന് മാസത്തില്‍ ) 504 രൂപ...

ഈ കര്‍ഷകനു നിലം നികത്തി വേറെ ഒരു കൃഷി ചെയ്യാന്‍ പാടില്ല. കാരണം ഇവന്‍ കര്‍ഷക മുതലാളിയല്ലേ?
അവനു യൂണിയനില്ല. പരാതിയില്ല... അവന്‍ ചുമ്മാ പണിതു പണിതു.. മരിക്കുന്നു.. അല്ലേല്‍ ആത്മഹത്യ ചെയ്യിപ്പിക്കുന്നു...

Monday, February 05, 2007

ഒരു നൊര്‍തിന്ത്യ ട്രെയിന്‍ യാത്ര.

കംപനി ചിലവില്‍ നാടു കറങ്ങാന്‍ എനിക്കു വലിയ ഇഷ്ടമായിരുന്നു. പക്ഷേ, ആര്‍ അന്‍ഡ് ഡി യില്‍ ജോലി നോക്കുന്ന എനിക്കു അതിനു പറ്റിയിരുന്നില്ല. അങ്ങനെയിരിക്കെ ഒരു ദിവസം, ഞങ്ങളുടെ രണ്ടാമത്തെ പ്രൊജെക്ടിന്റെ ആദ്യ ഇന്‍സ്റ്റല്ലേഷനായി എന്നേയും മാനേജറേയും(അഷ്രഫ്) നിയോഗിച്ചു. പ്രൊജെക്ടിന്റെ ആദ്യ പാര്‍ട്ട് അഷ്രഫ് ചെയ്യും, അതു കഴിഞ്ഞ് ഞാന്‍ ചെന്നാല്‍ മതി. അതുകൊണ്ട് ഞാന്‍ ഒരു ആഴ്ച കഴിഞ്ഞു പോയാല്‍ മതി.

കംപനി ചിലവില്‍ റ്റൂര്‍ പോയാല്‍ പല ഗുണങ്ങളാണു. ആവശ്യം പോലെ എന്തും വെട്ടി വിഴുങ്ങാം, നല്ല ഹോട്ടല്‍ സ്റ്റേ, പിന്നെ ഡെയിലി ബാറ്റായും കിട്ടും. അങ്ങനെ ഞാന്‍ കാത്തിരുന്ന സുദിനം എത്തി. കര്‍ണാടക എക്സ്പ്രസ്സില്‍ ഞാന്‍ എന്റെ ആദ്യ നൊര്‍തിന്ത്യ യാത്ര രാത്രി 9 മണിക്കു തുടങ്ങി. രാത്രി സുഖമായി കിടന്നുറങ്ങി.

പിറ്റേന്ന് ഒരു ഉച്ചയോടെ ട്രെയിന്‍ വിചനമായ സ്തലത്ത് ചുമ്മാ നിര്‍ത്തിയിട്ടു,അല്പ സമയത്തിനകം ഞങ്ങളുടെ കമ്പാര്‍ട്ടുമെന്റ് ഒരു മാര്‍കേട്ട് ആയി മാറി. ഒരു കൂട്ടര്‍ കമ്പാര്‍ട്ട്മെന്റ് അടിച്ചുവാരുന്നു, മറ്റൊരു കൂട്ടര്‍ പണം ചോദിക്കുന്നു. ഇനിയും ചിലര്‍ പാട്ടു പാടുന്നു. ചിലര്‍ മുന്തിരി,പഴം,മാങ്ങാ വില്‍ക്കുന്നു. പിന്നെ ചായ,കാ‍പ്പി.

പെടുന്നനെയാണു കുറച്ച് ആദിവാസികളെ എന്റെ കണ്ണില്‍ പെട്ടത്. അവര്‍ പറയുന്നതൊന്നും എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല. എങ്കിലും, ഈറ്റക്കൊട്ടയിലെ തേനീച്ചക്കൂടും കുപ്പികളും കണ്ടപ്പോള്‍ അവര്‍ തേന്‍ വില്‍ക്കുന്നാതാണെന്നു മനസ്സിലാക്കി. ആദിവാസികളല്ലെ, ഇവര്‍ സത്യസന്തരായിരിക്കും എന്ന് ഞാന്‍ സ്വയം മന്ത്രിച്ചു. ചെറിയ ഒരു വിലപേശലും നടത്തി രണ്ടു കുപ്പി തേന്‍ വാങ്ങി യാത്ര തുടര്‍ന്നു.

കുറച്ചു കഴിഞ്ഞപ്പോള്‍ അടുത്ത ഒരു കൂട്ടര്‍ ടെസ്റ്റയില്‍ വില്പനയുമായി വരുന്നു. ഷര്‍ട്ട് പീസ്, ബ്ലാങ്കറ്റ്, പാന്റ് പീസ് അങ്ങനെ നൂറു കൂട്ടം സാധനങ്ങള്‍ വില്പനക്കു. വില്പന അല്പം ബുദ്ദിപൂര്‍വണിവര്‍ നടത്തുന്നത്. ഒരു ഐറ്റം എടുത്ത് ലേലം വിളി തുടങ്ങും, ആര്‍ക്കും എന്തു വിലക്കും വിളിക്കാം, വിളിക്കുന്ന ആളിനു ഒരു സമ്മാനം ഉറപ്പു. വില ഇബേ സെയില്‍ പോലെ പൂജ്യത്തില്‍ തന്നെ. തറവില കിട്ടിയില്ലേല്‍ വെറും സമ്മാനം മാത്രമേ ലഭിക്കൂ, പീസ് കിട്ടില്ല. അതു പരിപാടി കൊള്ളാല്ലോ!

ലേലം വിളി തുടങ്ങുകയായി, ആദ്യം ഒരു കുളി ടവല്‍. ഞാന്‍ നാലു രൂപ പറഞ്ഞു, ആദ്യ സമ്മാനം ഒരു പേന. ഞാന്‍ വാങ്ങി. പിന്നെ ആരും വിളിച്ചില്ല. എന്തൊരു മന്‍ഡമാരപ്പാ... ചുമ്മാ ഒരു രൂപ കൂട്ടി വിളിച്ചാല്‍ ഒരു പേന കിട്ടുകില്ലേ? ഈ ടവല്‍ ഒരു ഇരുപതു രൂപയെങ്കിലും വരും. തറവില കിട്ടാത്തതുകൊന്ദു അണ്ണന്‍ എനിക്കു ടവല്‍ തന്നില്ല. എനിക്കു സന്തോഷമായി.

അടുത്തതു ഒരു ബെഡ് ഷീറ്റ്, ഞാന്‍ ആദ്യം തന്നെ പത്ത് രൂപ. ഈ ഷീറ്റ് ഒരു നൂറ് രൂപയുടെയെങ്കിലും വില കാണും. ഇപ്പോഴും എനിക്കു ഒരു പേന കൂടി കിട്ടി, വേറെ ആരും വിളിച്ചില്ല. എനിക്ക് ബെഡ് ഷീറ്റും തന്നില്ല.

മൂന്നാമതായി ഒരു പാന്റ് പീസ്, ഞാന്‍ പത്ത് രൂപ പറഞ്ഞു. എനിക്ക് ഒരു പെന്‍സില്‍ മാത്രം. കാരണം തറവിലയിലും പകുതി വിലയെ ഞാന്‍ പറഞ്ഞൊള്ളൂ എന്ന ഒരു ന്യായവും പറഞ്ഞു. പെന്‍സിലെങ്കില്‍ പെന്‍സില്, ഓസിനു കിട്ടിയതല്ലേ? ഇത് മതി. അപ്പോള്‍ വേറൊരു മാന്യന്‍ അതിനു 50 രുപ പറഞ്ഞു. അവനു പാന്റ് പീസ് കൊടുത്തു.

അങ്ങനെ പല പല സാധനങ്ങള്‍ അവിടെ തക്രുതിയായി വില്പന തുടങ്ങി. അപ്പോള്‍ ദേ വരുന്നൂ‍ ഒര് ഷര്‍ട്ട് പീസ്. ഒരു ഉശിരന്‍ പളാ പളാ മിനുങ്ങുന്ന ഒരെണ്ണം. ഇവന്‍ ഫോറിന്‍ തന്നെ. ഞാന്‍ വിളിച്ചു 20 രൂപ. വേറൊരുത്തന്‍ 22, ഞാന്‍ വിടോ, 25. അവന്‍ വിടാന്‍ ഭാവമില്ല, അവന്‍ 30. ഞാന്‍ വിട്ടാലോ എന്നാലോചിച്ചു. നല്ല ചെക് പീസ്, ഒരു 60 രുപ വിലയുണ്ടതിനു. എന്തിനു വിടണം! 32 വിളിച്ചാല്‍ അവന്‍ 35 ആക്കും തീര്‍ച്ച. 35 വിളിച്ചാല്‍ അവന്‍ വിട്ടാല്‍ 2 രൂപ ലാഭം. ഞാന്‍ എന്റെ മൈക്രൊപ്രോസെസ്സര്‍ ബുദ്ദി ഉപയോഗിച്ച് 35 വിളിച്ചു. എന്റെ കണക്കു കൂട്ടല്‍ തെറ്റിയില്ല. അവന്‍ വിട്ടു. ഷര്‍ട്ട് പീസ് എനിക്കു സ്വന്തം. എന്റെ ബുദ്ദിയെ ഞാന്‍ ഒന്നു കൂടി പുകഷ്ത്തി.

ഇന്‍സ്റ്റല്ലേഷന്‍ ഒരു മാസത്തോളം സമയം എടുത്തു. ആദ്യ ഇന്‍സ്റ്റല്ലേഷന്റെതായ ഒരുപാട് പ്രശ്നങ്ങള്‍. ഒരു ഉടുപ്പു വാങ്ങിയാല്‍ അപ്പത്തന്നെ ഒന്നു പരീക്ഷിച്ചില്ലേല്‍ എനിക്ക് ഒറക്കം വരില്ല. ഒന്ന് തയിപ്പിച്ച് കിട്ടിയാല്‍ ഇടായിരുന്നു. പക്ഷേ അതിനു സമയം ഉന്ദോ? എല്ലാ ദിവസവും ഞാന്‍ ഷര്‍ട്ട് പീസ് എടുത്ത് നോ‍ക്കും, തിരികെ പെട്ടിയില്‍ വക്കും.

അങനെ ഞാന്‍ ഇന്‍സ്റ്റല്ലേഷന്‍ കഴിഞ്ഞ് തിരികെ ബാംങലൂരിലെത്തി. അന്ന് തന്നെ മാര്‍ത്തഹള്ളിയിലെ ഡ്രീസില്‍ തയിപ്പിക്കാന്‍ കൊന്‍ഡുപോയി. പീസ് നോക്കിയ പാടെ ടെയിലര്‍ എന്നോട് “ഇത് എവിടുന്നാ വാങ്ങിയത്?” ഞാന്‍ ഒന്ന് ചിരിച്ച്? എന്ത്യേ? ഉഗ്രനല്ലേ? “ഉം , അയാളൊന്നു ഇരുത്തി മൂളി” ഒന്ന് അറിയാന്‍ ചോദിച്ചതാ... ഞാന്‍ വളരെ സന്തോഷത്തോടെ എന്റെ അതിബുദ്ദി ലേലം വിളി പറഞ്ഞു. “കൊള്ളാം, പക്ഷേ ഇത് ഉടനെ തയിപ്പിക്കന്‍ഡാ... ഒന്ന് അലക്കിയിട്ട് കൊണ്ട് വരൂ“.

ഇവന്‍ എവിടെ കിടന്നവന്റെ കൂടെകിടന്നവനടൈ? ഒരു ഷര്‍ട്ട് പീസ് തുന്നുന്നതിനു മുന്‍പ് കഴുകണം പോലും. ഞാന്‍ വീട്ടില്‍ വന്ന് രാത്രി തന്നെ ഒന്ന് വെള്ളത്തിലിട്ട് പിഴിഞ്ഞ് ഉണക്കാനിട്ടു. പിറ്റേന്നു അതിരാവിലെ ഹാ‍ങറിലിട്ട ഷര്‍ട്ട് പീസ് ഒരു കര്‍ചീഫ് പോലെ കിടക്കുന്നു.

അപ്പോഴാണെനിക്ക് പിടികിട്ടിയത്, ആ ടെയിലര്‍ സ്നേഹമുള്ളവനാന്ന് ഇല്ലേല്‍ എന്റെ 20 രൂപ തയിപ്പു കൂലി കൂടി പോയേനേ!!!

വാങ്ങിയ തേന്‍ പറയാ‍ന്‍ വിട്ടു പോയി, ഡിസംബര്‍ മാസമായിരുന്നു. ഒരു ദിവസം നേരം വെളുത്തപ്പോള്‍ തേന്‍ കൂപ്പി രന്ദും ഉറച്ചിരിക്കുന്നു. വെറൂം ശര്‍ക്കര പാനിയായിരുന്നു ആ ആദിവാ‍സികള്‍ എന്ന് തോ‍ന്നിക്കുന്ന അവര്‍ എനിക്ക് തന്നതു.

Sunday, January 28, 2007

ഹമാരാ ബജാജ്!

“ദിവസോം രണ്ടു കിലോമീറ്റര്‍ നടന്നു മാര്‍ത്തഹള്ളിയില്‍ നിന്നും ബസു പിടിച്ചു രണ്ടു ജോലി, ഇച്ചിരി പാടാ ചേട്ടാ‍ നമ്മുക്കൊരു ഒരു ബയ്ക്കു വാങ്ങാം“ എന്നാ എന്റെ റെക്കൊസ്റ്റ് ചേട്ടന്‍ പുല്ലു പോലെ തള്ളിക്കളഞ്ഞ് എനിക്കൊരു ബി.എസ്.എ ഡീലക്സ് വാങ്ങിത്തന്ന ചേട്ടന്‍, പെട്ടന്നൊരു സുപ്രഭാതത്തില്‍ ബജാ‍ജ് വാങ്ങാന്‍ പോണൂ എന്ന് കേട്ടപ്പോള്‍ എനിക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല.


തൊണ്ണൂറുകളിന്റെ തുടക്കം... ചേട്ടന്‍, സന്തോഷ് പിന്നെ ഞാന്‍ ഒരുമിചു നക്കുണ്ടിയില്‍ ( ബാങലൂരിലെ ഒരു ഗ്രാമം) രാമരെഡ്ഡി ബംഗ്ലാവില്‍ ജീവിച്ചു പോകുന്നു. ചേട്ടനും,ഞാനും ഐ.എസ്.ര്‍.ഓ യിലും പിന്നെ കുറച്ചു പുറം പണിയുമായി നടക്കുന്നു.ബി.എസ്.എ ഡീലക്സ് ഉപയോഗിച്ച് ഞാന്‍ ചെല്ലാത്ത ബാഗ്ലൂര്‍ ഉണ്ടാകാന്‍ ഇടയില്ല, ജെ.പി നഗര്‍, ജയ നഗര്‍, മാര്‍ത്തഹല്ലി, കെ.ആര്‍ മാര്‍കേട്ട്, ശിവാജി നഗര്‍,യെശ്വന്തപുരം അങ്ങനെ എത്രയോ സ്തലങ്ങള്‍ ഞാന്‍ താണ്ടിയിരിക്കുന്നു. പി.സി.ബി റൌട്ടിങ്ങ് എവിടെയുണ്ടോ അവിടെ എന്റെ സൈക്കിളും ഉണ്ട് എന്ന് പറയുന്നതാ‍കും ശരി.

ഒരു വെള്ളിയാഴ്ച കാ‍ലത്തു ചേട്ടന്‍ എന്നോടു നമുക്കൊരു സ്കൂട്ടര്‍ വാങ്ങാം എന്നു പറഞ്ഞപ്പോള്‍ , ഞാന്‍ കരുതി എന്നെ കളിയാ‍ക്കാനായിരിക്കുമെന്ന്. കുടുബപുരാണത്തിലെ ബാലചന്ദ്ര മേനോന്റെ പോലെ കണക്കു കൂട്ടുന്ന ചേട്ടന്‍ വണ്ടി വാങ്ങേ, അസ്സല്ലായി.

അന്നു വൈകിട്ടു ഒരു ബാഗ്പൈപ്പറുമായി ചേട്ടന്‍ വൈകിട്ട് വന്നപ്പൊള്‍ സങ്ങതി അല്പം സീരിയാസാന്ന് പിടികിട്ടി. അന്ന് രാത്രി ആ കുപ്പി തീരുന്നതു വരെ ഏതു വണ്ടി വാ‍ങ്ങണം എന്നു കൂലംകഷമായി ചര്‍ച്ച നടത്തി. ഞാനും സന്തോഷും ബയ്ക് വാ‍ങ്ങാം എന്ന് പറഞ്ഞപ്പോള്‍ ചേട്ടന്‍ സമ്മതിക്കോ?

പുള്ളിയുടെ ഒരായിരം കംപാരിസണ്‍ ദാ...

വിലകള്‍ :

ബജാ‍ജ് - 22000
വെസ്പാ - 25000 + അല്പം വെയ്റ്റും ചെയ്യണം.
ബയ്ക് - 33000

വിലയില്‍ കേമന്‍ ബജാ‍ജ് തന്നെ.

ഗാസുകുറ്റി മുന്നില്‍ വച്ചുകൊണ്ടിവരാം, സുഖമായി നാലു പേര്‍ക്കു യാത്ര ചെയ്യാം. മുന്നിലും സൈഡിലും ബോക്സുകള്‍ എന്നു വേണ്ടാ ഒരായിരം കാര്യകാ‍രണങ്ങള്‍ നിരത്തി ബജാ‍ജ് തന്നെ കേമന്‍ എന്നു തെളിയിച്ചു...എന്നാ പിന്നെ അങ്ങനെ തന്നെ ആവട്ടെ.

വെറും 22,000 ക. വില( ഒരു 30*40 സൈറ്റിന്റെ വില), രണ്ടു നല്ല വര്‍ക്കുകിട്ടിയാല്‍ ഇതു പുല്ലു പോലെ തിരിച്ചുപിടിക്കാം, പിന്നെന്തിനു മടിക്കണം? നമ്മുക്ക് അടുത്ത ആഴ്ച തന്നെ വാങ്ങിക്കാം എന്ന് ചേട്ടന്‍.

അപ്പോള്‍ ഒരു ചിന്ന പ്രശ്നം, ആര്‍ക്കും ലൈസന്‍സില്ലാ‍. എനിക്കു ഒരു കാര്‍ ഓടിക്കാനുള്ള ലൈസന്‍സുണ്ടു, പക്ഷേ വണ്ടി ഓടിക്കാന്‍ അറിയില്ലാ. അതൊക്കെ നമ്മുക്ക് പിന്നെ നോക്കാം, ആദ്യം വണ്ടി വാ‍ങ്ങൂ എന്നു സന്തോഷ് പറഞ്ഞതു അവന് ഒന്ന് ഡ്രൈവിങ് പടിക്കാല്ലോ എന്ന് വിചാരിച്ചു മാത്രമായിരുന്നു.

ഡ്രൈവിങ് അറിയാവുന്ന ഏക സുഹ്രുത്ത് മുരളിചേട്ടനേയും കൂട്ടി, തീരുമാനിച്ച കാര്യം മാറ്റാതെ, തിങ്കളാഴ്ച തന്നെ വണ്ടി വാങ്ങി വീട്ടിലെത്തിച്ചു. ഡാ, നീ വണ്ടി വെഞ്ചിരിക്കാതെ ഓടിക്കണ്ടാ എന്ന് ചേട്ടന്‍ പറഞ്ഞതു എനിക്കൊട്ടും ദഹിച്ചില്ലാ, എന്നാലും ഞായറാഴ്ച കഴിഞ്ഞാല്‍ ഓടിക്കാ‍ലോ എന്ന് ഓര്‍ത്ത് ദിവസവും സ്റ്റാന്റിലിട്ട് സീറ്റില്‍ കയറി ഇരുന്ന് മോഹം തീര്‍ത്തു.

ഓരോ ദിവസവും ഒരോ നൂറ്റാണ്ടു പോലെ ഇഴഞ്ഞു നീങ്ങി... അങ്ങനെ ഞായറാഴ്ച വന്നൂ..കാ‍ലത്തു വണ്ടി ഒന്നു കൂടി കഴുകി മിനുക്കി തൊടച്ചു അപ്പോഴും നേരം വെറും എഴു മണി... അന്നുവരെ എട്ടു മണി കാ‍ണാത്തവരാണു കാലത്തു എഴു മണിക്ക് കുളിച്ചു വെടിപ്പായി നില്‍ക്കണെ. പത്തു മണിക്കാണു കുര്‍ബാനാ‍.. ന്നാ ചേട്ടന്‍ ഒരു കാര്യം ചെയ്യൂ, മാര്‍ത്തഹല്ലിയില്‍ പോയി ഒരു രണ്ടു കിലോ ബീഫും, ഒരു കുപ്പിയും വാങ്ങി വരൂ, വണ്ടി ഓട്ടം കഴിയുബോള്‍ ഒന്ന് മിനുങ്ങാലോ എന്നു ഞാന്‍ പറഞ്ഞു തീര്‍ന്നില്ലാ... ചേട്ടന്‍ ബജാജു സ്റ്റാര്‍ട്ടാക്കി, പിന്നില്‍ സന്തൊഷും.

മാര്‍ത്തഹല്ലി എച്ച്.എ.എല്‍. കോളനിക്കു തൊട്ട് മുന്‍പ് ഒരു വളവോടു കൂടിയ ചെറിയ ഒരു ഇറക്കം ഉണ്ട്. എച്ച്.എ.എല്‍. കോളനി മതില്‍ കാരണം എതിര്‍ വശത്തു നിന്നുള്ള വണ്ടി കാണാനും സാധിക്കുകയില്ല. ബജാ‍ജിന്റെ ഹോണ്‍ ജെനെറേറ്ററുമായി കണ‍ക്റ്റ് ചെയ്തിട്ടൊള്ളൂ, അതിനാല്‍ വണ്ടിയുടെ സ്പീടു കുറഞ്ഞാല്‍, ഹോണ്‍ ശബ്ദം വളരെ കുറവെ ഉണ്ടാകൂ എന്ന് ചേട്ടന്‍ അപ്പോഴേ മനസ്സില്ലാക്കി. മുറി ഡ്രൈവര്‍ വളവുതിഞ്ഞു നോക്കിയപ്പോള്‍ എതിരേന്നു ഒരു ചണ്ണക്കാലന്‍ ഒരു സൈക്കിളേല്‍ നീര്‍ക്കോലി വെള്ളത്തില്‍ പായുന്ന കണക്കെ വരുന്നൂ. പിന്നെ എല്ലാം പെട്ടന്നായിരുന്നു, ആര് ആരെ പേടിച്ചിട്ടായാലും ബജാജും,സൈക്കിളും ഒന്നു ഉമ്മവച്ചു, ചണ്ണക്കാലന്‍ റോഡിന്റെ വലതു വശത്തെ ഓടയിലും, ചേട്ടനും സന്തോഷും ഇടതു വശതും കിടന്നു ഞെരങ്ങി.

സന്തോഷു, ചണ്ണക്കാലനെ ഒരു നിരപ്പു ചീത്ത വിളിച്ച് പോകാം എന്ന് ചേട്ടനോട് പറഞ്ഞപ്പോള്‍ ചേട്ടന്‍ സമ്മതിക്കോ? ഹരിചന്ദ്രന്റെ ഇച്ചിരി ബാ‍ലന്‍സു കിട്ടിയ ചേട്ടന്‍ അവനെ മാര്‍ത്തഹല്ലിയില്‍ കൊണ്ടു പോയി ഒരു മെഡിക്കല്‍ ചെക്കപ്പ് നടത്തിച്ചേ വിട്ടൊള്ളൂ.

വെറും അരമണിക്കൂര്‍ കൊണ്ട് എന്റെ ബി.എസ്.എ യില്‍ പൊയി നടത്താവുന്ന കാര്യത്തിന്നു പോയ ഇവരു ലോകം കറങ്ങാന്‍ പോയൊ, എനിക്ക് കുറച്ച് അരിശം വന്ന് തുടങ്ങി. അടുത്ത മുറിയിലെ കുട്ടിമാമന്റേയും, വേലുമാമന്റേയും കൂടെ അരമണിക്കൂര്‍ ചിലവിട്ടൂ. എന്നിട്ടും യെവന്മാരെ കാണാനില്ലാ, പോയി ഒന്ന് നോക്കിയാലോ? കുട്ടിമാമനു എന്തോ ഒരു സംശയം, എയ് അവര് ഇപ്പൊ വരും എന്ന് പറഞ്ഞ് ഞാന്‍ മടിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ ദാ വരുന്നു രണ്ടു പേരും.

വണ്ടി അല്പം ഞെളുങ്ങിയിട്ടുണ്ട്, ചേട്ടനു തലക്കു ഒരു ചെറിയ കെട്ടും കിട്ടിയിട്ടുണ്ട്. ഇനി, ഇന്നും വണ്ടി ഓട്ടം നഹി. വെറും കട്ടന്‍ കാപ്പി കുടിച്ച് ഉണ്ടായ സംഭവങ്ങള്‍ വിവരിച്ചിരിക്കുബോള്‍, ഡോറില്‍ ഒരു മുട്ടല്‍, ഞാന്‍ ചെന്നു വാതില്‍ തുറന്ന് നൊക്കുബോള്‍ ഒരു തടിയന്‍ റെഡ്ഡി, “ഞാന്‍ നരേന്ദര്‍, എന്റെ അനിയനെയാണു നിന്റെ ചേട്ടന്‍ സ്കൂട്ടറിടിച്ചിട്ടത്, അവന് ഇപ്പോള്‍ ചെവിട് കേള്‍ക്കുന്നില്ലാ, മണിപ്പാല്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നു, നാളെ മണിപ്പാല്‍ ഹോസ്പിറ്റലില്‍ വരണം“ എന്ന് പറഞ്ഞ് സ്തലം വിട്ടു.

അക്കാലത്ത് മണിപ്പാല്‍ ഹോസ്പിറ്റലില്‍ ഇത്തിരി പുത്തന്‍ ഉള്ളവരെ കയറാറൊള്ളൂ. ഇവന്റെ ആരെ കെട്ടിക്കാനാണാ‍വൊ അവിടെ പോയത്? പിറ്റേന്നു നേരം വെളുത്തപ്പത്തന്നെ ഹോസ്പിറ്റലില്‍ ചെന്നു, ഓരോരൊ ടെസ്റ്റുകളുകള്‍ തുടങ്ങി, ആദ്യം കണ്ണിന്റെ, പിന്നെ ചെവി, പിന്നെ ബ്രയിന്‍. റിസല്‍ട്ട് വന്നു എല്ലാം നൊ പ്രൊബ്ലെം, അവന്‍ പറഞ്ഞതു ശരി, ചെവിടൊന്നു കേള്‍ക്കാന്‍ പറ്റുന്നില്ല, പക്ഷേ അതു ഈ അക്സിഡന്റില്‍ പറ്റിയതല്ല എന്ന് പറഞ്ഞപ്പൊള്‍ ശാസ്വം നേരെ വന്നു പക്ഷെ ആ ഹാപ്പിനെസ് കൂടുതല്‍ നീണ്ടില്ല. ബില്ല് ഒര് 25,000 ക. അവന്‍ താ‍മസിച്ച എ.സി റും അടക്കം. ഇത് കൊടക്കാന്‍ എവടെ നമ്മുടെ കയില്‍ ക.?

ഒരു 10,000 ക. തന്ന് വെണേല്‍ കേസു തീര്‍ക്കാമെന്ന് ഞങ്ങളേറ്റു. അതും കയിലില്ല, റെഡ്ഡികള്‍ ശരിപ്പുള്ളികളല്ലാ എന്നുള്ള അറിവു പല കാര്യങ്ങളില്‍ അറിയാവുന്നതുകൊണ്ട് അങ്ങ് പറഞ്ഞൂന്ന് മാത്രം.

റെഡ്ഡി സമ്മതിക്കോ, 25,000 ക.യും പിന്നെ അവന്റെ ഒരു വര്‍ഷത്തെ കൂലി( 100 * 365 =36,500) കൂട്ടി 61,500 ക. തന്നാല്‍ കേസില്ലാതെ ഒഴിയാം എന്നായി. ചെവിട് കേള്‍ക്കാന്‍ പാടില്ലാത്ത ഈ ചണ്ണക്കാലനു 100 ക. ആര് കൂലി കൊടുക്കുന്നൂ? ഒന്നും ഒരു എത്തും പിടിയുമില്ലാതെ പോവാണല്ലോ കര്‍ത്താവേ! അങ്ങനെ ഉറക്കമില്ലാത്ത അടുത്ത രാത്രിയായി.

പിറ്റേന്നു, അറിയാവുന്നാ എല്ലാവരുടേയും വാതിലില്‍ മുട്ടി. അവസാനം, കൈരളിയുടെ അന്നത്തെ ചെയര്‍മാന്‍ ഗൊപാല്‍ സാറും, ഫിലിപ്സ് ഡ്രൈവിങ്ങ് സ്കൂള്‍ ഓണര്‍ ഫിലിപ്സും മുഖേന വക്കീല്‍ ഇന്ദിരയെ പരിചയപ്പെടുത്താന്‍ അവരുടെ ഇന്ദിരാ നഗര്‍ വീട്ടിലെത്തി, അപ്പോഴേക്കും അന്നു വൈകിട്ടു ഏഴുമണിയാ‍യി. ഇത്രയും തിരക്കുള്ളാ ഈ വക്കീലിനെ കിട്ടുക ഒരു ഭാഗ്യമാണെന്നു ഫിലിപ്സ്സ് ഇടക്കിടക്കു ഞങ്ങളെ ഓര്‍മിപ്പിക്കുന്നുണ്ടായിരുന്നു. ഒരു ഒന്‍പതു മണിയോടെ ഞങ്ങള്‍ക്ക് അവരെ കാണാന്‍ യോഗം കിട്ടി.

ഉം എന്തേ ഫിലിപ്സ്, എന്ന സ്നേഹത്തോടെയുള്ള ആ ചോദ്യം കേട്ടപ്പൊള്‍, ഇനി ഒന്നും പേടിക്കണ്ടാ എല്ലാം ശരിയായി എന്ന് തോന്നി. എല്ലാ കാര്യങ്ങളും പറഞ്ഞു തീത്തപ്പോള്‍ ഇന്ദിര “ ഒരു ഡ്രൈവറെ ഒപ്പിക്കൂ, എല്ലാം ഓകെ ആക്കാം, പിന്നെ കാണാം“ എന്ന് പറഞ്ഞു. ഫീസു വെറും 500 ക. എന്റീശ്വരാ! ഞാന്‍ ഒരാഴ്ച പണിയണ കാശാ ഇവര്‍ പതിനഞ്ച് മിനിട്ടു കൊണ്ട് വാ‍ങ്ങുന്നതു. ഫീസ് കൊടുത്ത് ഞാന്‍ നക്കുണ്ടിയില്ലോട്ട് വിട്ടു.

റെഡ്ഡിക്ക് കാശുകൊടുക്കാതെ നക്കുണ്ടിയില്‍ നിന്നാല്‍ തടി കേടാകും എന്ന് ജോസേട്ടന്‍ പറഞ്ഞത് കാര്യമാണെന്ന് മനസ്സിലാക്കി, ചേട്ടന്‍ ജോസേട്ടന്റെ കൂടെ മുരുകേശ് പാളയത്തു തന്നെ കൂടി.ഞാനും സന്തോഷും ഇനി ആരെ ഡ്രൈവറായി കിട്ടും എന്നാലോചിച്ച് ഉറക്കമില്ലാത്ത ഒരു രാവുകൂടി കഴിച്ചു കൂട്ടി.

പിറ്റേന്നു പതിവുപോലെ ജോലിക്ക് പൊയി തിരിച്ചെത്തി.ഒരാഴ്ചയായി വീട്ടില്‍ കുറച്ച് ആഹാരം പാചകം ചെയ്തിട്ട്, കുറച്ച് ചോറും, ചെറുപയര്‍ തോരനും ഉണ്ടാക്കാനായി സന്തോഷു അടുക്കളയിലേക്ക് പോയി. ഞാന്‍ വീടിന്റെ മുന്നിലുള്ള അലക്കു കല്ലില്‍ കുട്ടിമാമനും, വെലുമാമനുമായി ഭാവി പരിപാടികള്‍ ചിന്തിച്ചിരിക്കു‍ബോള്‍ നാലു ബുള്ളറ്റില്‍ ആറു ഗുണ്ടകള്‍
നമ്മടെ വീട്ടിനു മുന്നില്‍. അരാണു ജെയിംസ്? അവന്റെ അനിയന്‍ ആര്‍? ഇത്രയും കേട്ടപാടെ, ഞാന്‍ ഇരുന്നിടത്തു നിന്നും താനെ എണീറ്റു.

നടു വിട്ട നായ കണക്കെ ഞാന്‍ എന്റ്റെ എന്ത് എവിടെ ചുരുട്ടി എന്ന് പറയണില്ലാ.. ഞാന്‍ അനിയനാണു സാര്‍, വേറെ ഒന്നും പറയുന്നതിനു മുന്‍പെ ഒരുവന്‍ എന്റെ കഴുത്തില്‍ പിടികൂടി. കൂടെ ഉണ്ടായിരുന്ന കുട്ടിമാമനും, വേലുമാമാനും ഈ രംഗം കാണുകയല്ലാതെ വേറെ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.നാളെക്കു നാലുമണിക്ക് മുന്‍പ് ക. ഏല്പിച്ചില്ലേല്‍ കൊന്നു കളയും എന്ന ഭീഷണി ഇന്നും എന്നിലുണ്ടോ? സംശയമില്ല.. അതുകൊണ്ടല്ലേ ഇതിപ്പൊഴും ഞാനോര്‍ക്കുന്നതു. എന്റെ പേടികൊണ്ട് ഒച്ച വരെ പുറത്ത് വരുന്നുണ്ടായിരുന്നില്ലാ, ആ കാലമാടന്റെ പിടിയഴഞ്ഞ നേരത്ത് എന്റെ കരചില്‍ നക്കുണ്ടി മൊത്തം കേട്ടു കാണും. എന്റെ ഭാഗ്യമോ അതൊ അവരുടെ കാലക്കേടോ അവിടെ തുടങ്ങി.

അടുത്ത വീട്ടിലെ വെങ്കിട്ട റെഡ്ഡി,എന്റെ കരച്ചില്‍ കേട്ട് എന്താണെന്നറിയാ‍ന്‍ വന്നു. കണ്ടാല്‍ ഒരു അഞ്ചടി ഉയരം, കൂടിയാല്‍ ഒരു 40കിലോ തൂക്കം വരുന്ന ഈ കൊച്ചു മനുഷ്യന്‍ കണ്ടിരുന്നവരോടു കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കി, എന്തോ തെലുങ്കില്‍ അവരോടു പറഞ്ഞു. ഒരുത്തനു ഇയാളെ ഒട്ടും പിടിച്ചില്ല, അല്പം കയര്‍ക്കാന്‍ ശ്രമിചോ, ഉവ്വെന്ന് എനിക്കു തോന്നി. ഈ നേരത്താണു ഇവരെ പറഞ്ഞു വിട്ട ഉടയോന്‍, നരേന്ദര്‍ രെഡ്ഡി വന്നതു. വെങ്കിട്ട റെഡ്ഡിയെ കണ്ട പാടെ അവന്‍ ഗുണ്ടകളോടു സ്തലം വിടാന്‍ കല്പിക്കുകയും, ഒരു സാര്‍ വിളിയും നടത്തി വണങ്ങി വെങ്കിട്ട റെഡ്ഡിയെ സമീപിച്ചു. എല്ലാം കേട്ട പോലെ നടക്കട്ടെ, ഞാനായിരുന്നു വണ്ടിയോടിച്ചിരുന്നതു എന്നു അവനോട് നരസിംഹ റെഡ്ഡി പറഞ്ഞപ്പോ‍ള്‍ അവന് ബോധം പോയിക്കാണണം. ഇതെന്റെ നാടാണു, ഇവിടെ ഈ വക ഗുണ്ടകളെ ഇനി മേലാല്‍ കണ്ടുപോയാല്‍ നീയും കുടുബവും പിന്നെ നക്കുണ്ടിയിലുണ്ടാകേലാ ഒന്നിരിത്തി പറഞ്ഞപ്പോള്‍ അവന്‍, എല്ലാം മനസ്സിലായി എന്ന പോലെ തലയാട്ടി. ആ നക്കുണ്ടിയുടെ നല്ലൊരു ഭാഗം ഈ ചിന്ന റെഡ്ഡിയുടേതെന്നു മാത്രമല്ലാ ആ ഊരിന്റെ തലവന്‍ ഈ റെഡ്ഡിയുടെ അച്ഛനാണു.

പിറ്റേന്നു ചേട്ടനും, ഞാനും കൂടി വെങ്കിട്ട റെഡ്ഡിയുടെ വീട്ടില്‍ പോയി, ഇനി ഞങ്ങള്‍ എന്തു ചെയ്യണമെന്ന് ചൊദിച്ചപ്പോള്‍ ഒന്നും വേണ്ടാ, എന്റെ അനിയന്‍ വക്കീലാ അവന്‍ എല്ലാം ശരിയാക്കിക്കോളും എന്ന് കേട്ടപ്പോള്‍ ഞങ്ങള്‍ ഈലോ‍കത്തു തന്നെയാണോ എന്ന് തോന്നി. ഇനി അവര്‍ എന്തിനുവന്നാലും എന്നെ വന്നു കാ‍ണാന്‍ പറഞ്ഞു വിട്ടാല്‍ മതി. രണ്ടാഴ്ച കഴിഞ്ഞ് ഒത്തുതീര്‍പ്പുമായി നരേന്ദര്‍ റെഡ്ഡി വന്ന് മെഡിക്കല്‍ ബില്ല് മാത്രം മതീന്നു പറഞ്ഞപ്പോള്‍ ഒരല്പം ഗമയോടെ വെങ്കിട്ട റെഡ്ഡിയെ കാണാന്‍ പറഞ്ഞു വാതിലടച്ചു.

നരേന്ദര്‍ രണ്ട് കൊല്ലം കേസ് നടത്തി അവസാനം വിധി വന്നു, ചെവിട് കേള്‍ക്കാത്തതും , ഒരു കാലു ശോഷിച്ചയാളുമായ വാദി സൈക്കിള്‍ ചവിട്ടറിയാതെ പ്രതിയുടെ വണ്ടിയില്‍ ഇടിച്ചതുകൊണ്ടും, കക്ഷിക്ക് വേണ്ട പ്രാധമിക വൈദ്യ സഹായം നല്‍കിയതുകൊണ്ടും, ആദ്യ പാതിരിയുടെ റിപ്പോര്‍ട്ടില്‍ കക്ഷിക്കു കൂടുതല്‍ വൈദ്യസഹായം റെഫര്‍ ചെയ്യാത്തതുകൊണ്ടും, ഈ കഷി അപേക്ഷിക്കുന്ന സ്പെഷ്യലാറ്റി മൈഡിക്കല്‍ ബില്ല് വാദി തന്നെ കൊടുക്കാന്‍ വിധിച്ചിരിക്കുന്നു.

ദൈവം ആ വെങ്കിട്ടറെഡ്ഡിയുടെ രൂപത്തില്‍ എന്നെ സഹായിച്ചു എന്നല്ലാതെ എനിക്ക് ഇന്നും അയാള്‍ എന്തിനു എന്നെ സഹായിച്ചു എന്ന് മനസ്സിലായില്ല.

ഈ ബജാജിന്റെ മുകളില്‍ ആരൊക്കെ കയറിയൊ, അവരൊക്കെ വീണു ഒരപകടം ഉണ്ടാക്കാത്തവര്‍ ആരുമില്ലെങ്കിലും ഇന്നും പതിനാറു കൊല്ലാത്തിനുശേഷവും അത് എന്റെ നാട്ടിലെ ഗാരേജില്‍ സൂക്ഷിക്കുന്നു.