Tuesday, November 13, 2007

ആഴക്കടല്‍ മീന്‍പിടുത്തം!

മീന്‍ പിടിക്കാന്‍ പോയി ഒന്നും കിട്ടിയില്ലേല്‍ മത്രമല്ല മറക്കാന്‍ പറ്റാത്ത ഒരോര്‍മ്മയാവുക.

കുട്ടിക്കാലത്ത് കണ്ണന്‍കുളത്തിലും,ചിറക്കുളത്തിലും ചൂണ്ട ഇട്ടിട്ടുണ്ട്, പിന്നെ ഊത്തല്‍ പിടുത്തത്തിനും, ഈസ്റ്റര്‍ വടമ മീന്‍പിടുത്തത്തിനും അപ്പനു ഒരു സഹായി, എന്നല്ലാതെ എനിക്ക് ഒരു പരിചയവും മീന്‍ പിടുത്തത്തിലില്ല. ചൂണ്ട ഇടുന്നത് അപ്പനറിഞ്ഞാല്‍ അന്ന് വൈകിട്ട് ഒരു ലോഡ് ഊരി വടിക്ക് കുറവുണ്ടാകും എങ്കിലും എനിക്ക് ചൂണ്ടല്‍ ഒരു ഹരമായിരുന്നു. കിട്ടുന്നത് വെറും പരലും,മുത്തി,മാഗ്ലംജി,ആര,കാരി എന്നിവയല്ലാതെ ഒന്നും എന്റെ ഓര്‍മയിലില്ല. അതെങ്ങിനാ, മീന്‍ചാത്തന്‍ ബെന്നി,കുറുക്കന്‍ ജോയി,കോറോന്‍ ജോസേട്ടന്‍, കൂനാച്ചി എന്നിവര്‍ ആ കരയിലുള്ളിടത്തോളം കാലം ഒരു മീനും ഒരു കൊളത്തിലും കണില്ല. ഈവക മീനുകളൊക്കെ ഇന്ന് ഉണ്ടോ എന്തോ?


കാലങ്ങള്‍ക്കുശേഷം എബി വിളിച്ച് “ഡാ നമ്മുക്ക് ആഴക്കടലില്‍ ചൂണ്ടാന്‍ പോകാം” എന്ന് പറഞ്ഞപ്പോള്‍ എനിക്കുണ്ടാ‍യ ഒരു സന്തോഷം, ഇന്ന് അപ്പന്റെ തല്ലു കൊള്ളാതെ ഒരു ദിവസം മൊത്തം ചൂണ്ടാലോ.

ഡാ എബീ നീ അന്നാ വേറെ കുറെ അണ്ണന്മാരെ കൂടി കൂട്ട്. അപ്പോള്‍ പോക്കിനു ഒരു ഗുമ്മുവരും എന്താ? അവന്‍ കേട്ടപാടെ ന്വൂ ഇഗ്ലണ്ടില്‍ അറിയുന്ന എല്ലാവരേയും തലേന്നേ വീട്ടിലേക്ക് വിളിച്ചു.

ഡാ മീന്‍ പിടിക്കാന്‍ പോയാല്‍ വല്ലതും കിട്ടോ? ഹും... ചുമ്മാ ചൂണ്ട കടലില്‍ ഇടുക, വലിച്ചെടുക്കുക. നാലുമണിക്കൂറുകൊണ്ട് ഒരു 20 കിലോ മീന്‍ ഉറപ്പാടാ.

ആഴക്കടല്‍ മീന്‍പിടുത്തം ഒരു ദിവസം ഫുള്‍ ട്രിപ് ഉണ്ട്, ഹാഫ് ഡേ മോര്‍ന്ണിങ് സെഷന്‍, ഇവനിങ് സെഷന്‍ അങ്ങനെ മൂന്നു തരത്തിലുണ്ട്. ഞങ്ങള്‍ ഇവനിങ് സെഷന്‍ ബുക്ക് ചെയ്തു.

മീന്‍പിടുത്തത്തിനു തലേന്നേ എല്ലാവരും ഹാജര്‍. അതിരാവിലെ മൂന്ന് മണി വരെ നാല്പത് കളിച്ചിരിക്കുബോള്‍ ചിലര്‍ക്കോരു കൊതി. കാലത്തെ സെഷന്‍ ഒന്ന് കയാക്കിങിനു പോയാലോ? (നാലടിച്ചിരിക്കുബോള്‍ രണ്ട് കുണുക്ക് ഉണ്ടായാല്‍ ഈവക ഐഡിയ വന്നില്ലെങ്കിലേ അതിശയിക്കേണ്ടൂ) നല്ല ഐഡിയാ, എല്ലാവരും അതിനും റെഡി.

കയക്കിങ്ങിനു കാലത്തെ എട്ട് മണിക്ക് ജെട്ടിയിലെത്തണം . അന്നാ പിന്നെ ഉറങ്ങണ്ടാ, അല്ലേല്‍ ആരും എനിക്കുകേലാ. പ്രഭാത ഭക്ഷണം ഉണ്ടാക്കാന്‍ നേരമില്ലാ. ഓരോ ഓംലറ്റ് ഉണ്ടാക്കി കഴിച്ചു.

കുടിക്കാന്‍ വല്ലതും വേണോ? ഉം, ഒരു കൂളറേ കയ്യിലുള്ളൂ, അന്നാ അതില്‍ ബിയര്‍ നിറക്ക്, വെള്ളം വേണോ? എന്തിനു? ആ സ്ഥലം ഉണ്ടേല്‍ മൂന്ന് ബിയര്‍ ഇടാം, കുറ്റം പറയരുതല്ലോ പേരിനു ഒരു വെള്ളക്കുപ്പി കൈയില്‍ പിടിച്ചു.

കാലത്തെ കായാക്കിങ്ങും കഴിഞ്ഞ് 12 മണിക്കു മീന്‍ പിടിക്കാന്‍ എല്ലാവരും ഉത്സാഹരായി ജെട്ടിയിലെത്തി.

ബോട്ടിന്റെ ക്യാപ്റ്റന്‍, ഇന്നു അല്പം തിരമാല ഉണ്ടാകും എന്ന് മുന്നറിയിപ്പ് തന്നത് കേള്‍ക്കാന്‍ ഞങ്ങള്‍ ചെവി കൊടുത്തില്ല. ബോട്ടില്‍ ഏകദേശം അന്‍പതോളം ജനം. ഞങ്ങള്‍ ഒരു മുപ്പതും, ഒരു ഇരുപതോളം ചൈനക്കാരും, പിന്നെ ഒന്നോ രണ്ടോ വെള്ളക്കാരും.

ഞങ്ങള്‍ ബോട്ടിന്റെ മുന്‍പില്‍ തന്നെ സ്ഥലം പിടിച്ചു. ഒരു മുപ്പത് മിനിറ്റ്സ് യാത്രാ, പിന്നെ നാലു മണിക്കൂര്‍ ചൂണ്ടല്‍ പിന്നെ തിരികെ ആകെ 5 മണിക്കൂര്‍ പരിപാടി.

ബോട്ട് സ്റ്റാര്‍ട്ടായി, തിരമാ‍ലകളെ മുറിച്ച് ആഴക്കടലിലേക്ക്. ക്യാപ്റ്റന്‍ പറഞ്ഞപോലെ തിരമാല ഒരു ആറടിയോളം. ഓരോ തിരയടിക്കുബോഴും, ഞങ്ങള്‍ ആര്‍ത്തട്ടഹസിച്ചു. ചിലര്‍ ടൈറ്റാനിക് കോപ്പിയടിച്ച് നില്പാ‍യി, ചില ഫൂചര്‍ മില്യനേര്‍സ് ഒരു ബോട്ട് വാങ്ങുത്തതിനെ പറ്റി ചര്‍ച്ച തുടങ്ങി. ചൂണ്ടയിടാന്‍ പരിചയമില്ലാത്തവര്‍ ചൂണ്ട ഇടല്‍ റ്റെക്നിക്ക് ചര്‍ച്ച ചെയ്തു. ഇരയെങ്ങനെ കൊത്തണം, മീന്‍ കൊത്തിയതെങനെ അറിയാം അങ്ങനെ അങ്ങെനെ...

ഏകദേശം പതിനഞ്ച് മിനിട്ട് യാത്ര കഴിഞ്ഞു, തിരമാലകള്‍ കൂടുന്നതല്ലാതെ കുറയുന്ന മട്ടില്ല. എന്റെ പത്നി ചുമ്മ കാറിലിരുന്നാല്‍ വാളു വെക്കും. ഈ സുഖകരമായ യാത്ര അവരെ ആദ്യ വാളിനടിമയാക്കി. ഇത് കണ്ട് ഞാന്‍ ചൂണ്ട ഇടല്‍ വേണ്ടാ എന്ന് തീരുമാനിച്ച് അവരെ മടിയില്‍ കിടത്തി ഇരിപ്പായി. പിന്നെ അടുത്ത ഓരോ മിനിറ്റിലും ഓരോ തരുണീമണികളും വാളിനടിമയായി.

ഭാര്യമാര്‍ മാത്രം വാളുവെക്കുന്നത് ഒരു കുറവാകുമെന്ന് കരുതി, ഓരോ ചേട്ടന്മാരും വാളായി. ഓരോ തിരമാല വരുബോഴേക്കും ഞങ്ങള്‍ ഒരു മുപ്പത് ജനം വരിവരിയായി വാളുവെക്കുന്നു. ചൂണ്ട ഇടല്‍ തുടങ്ങിയതേയുള്ളൂ, ഇനിയും നാലുമണിക്കൂര്‍ ഈ ബോട്ടില്‍ നിന്നാല്‍ എല്ലാം മണ്ണടിയുമെന്ന് തോന്നുംവിധം വാ‍ളു മഹോത്സവം നടക്കുന്നു.

ഒരുവന്‍ ക്യാപ്റ്റനോട്, “സാര്‍ എല്ലാവരും സിക്ക് ആണു ഒന്ന് നേരത്തേ മീന്‍പിടുത്തം നിര്‍ത്തി മടങ്ങാമോ”

അതു പറ്റില്ല, ചൈനക്കാര്‍ക്കു നല്ലപോലെ മീന്‍ കിട്ടുന്നുണ്ട് അവര്‍ സമ്മതിക്കുകില്ല. കാലത്തു കഴിച്ച ഓംലറ്റ് മീന് വളരെ ഇഷ്ടമായതുക്ണ്ടോ എന്നറിയില്ലാ, ചൈനക്കാര്‍ക്ക് ഇഷ്ടം പോലെ മീന്‍ കിട്ടുന്നു.

ഓരോ സെക്കന്റും എണ്ണി, ഓരോ തിരമാലയും എണ്ണി ഞങ്ങളന്ന് നാലുമണിക്കൂര്‍ നടുക്കടലില്‍. ആകെയുള്ള ഒരു ബോട്ടില്‍ വെള്ളം ആദ്യ വാളില്‍ തന്നെ തീര്‍ന്നു. പിന്നെ ചിലര്‍ ബീയര്‍ വായ് കഴുകാന്‍ ഉപയൊഗിച്ചു. എങ്ങനയോ നാലുമണിക്കൂ‍ര്‍ കഴിച്ചുകൂട്ടി, വൈകിട്ട് വീട്ടിലെത്തി, ചൂടന്‍ കഞ്ഞിയും, അച്ചാറും കൂട്ടി കഴിച്ച് കിടന്നുറങ്ങി.


അതില്‍ പിന്നെ എന്ന് മീന്‍ പിടിക്കാന്‍ പോകുന്നതിനും മുന്‍പേ കാലവസ്ഥ നോക്കിയതിനുശേഷമേ പോകൂ. ഭാര്യമാരെ മീന്‍പിടുത്തത്തില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.

6 comments:

മുക്കുവന്‍ said...

കുറ്റം പറയരുതല്ലോ കൂടെയുണ്ടായിരുന്ന കാക്ക മാത്രം സ്റ്റെഡി!

ശ്രീഹരി::Sreehari said...

:)

നവരുചിയന്‍ said...

അങ്ങനെ വാള പിടിക്കാന്‍ പോയി ... വാള് വെച്ചു തിരിച്ചു വന്നു അല്ലെ ....

:)
:))

ഭൂമിപുത്രി said...

നല്ല രസമുള്ള അനുഭവകഥ മുക്കുവാ

അലമ്പന്‍ said...

മുക്കുവന്‍ എന്ന പേരിനു ചേര്‍ന്ന പണിയാണോ മുക്കുവായിത്‌.

"....ചുമ്മാ ചൂണ്ട കടലില്‍ ഇടുക, വലിച്ചെടുക്കുക. നാലുമണിക്കൂറുകൊണ്ട് ഒരു 20 കിലോ മീന്‍ ഉറപ്പാടാ...."

നന്നായിട്ടുണ്ട്‌.

Sherlock said...

:)

മറ്റൊരു മുരുകേഷ്പാളയന്‍ ..